| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

ലാലിന്റെ വീട്ടില്‍ വിജയ്, വിജയിന്റെ വീട്ടില്‍ ലാല്‍

No comments

മിഴ്‌നാട്ടിലെ കാരൈക്കുടിയില്‍വെച്ച് മോഹന്‍ലാലിനെ കാണുമ്പോള്‍ നാട്ടുപ്രമാണിയായ ശിവയുടെ വേഷത്തിലായിരുന്നു അദ്ദേഹം. മീശ പിരിച്ച്, താടി വളര്‍ത്തി, കറുത്ത ഷര്‍ട്ടും പാന്റും ധരിച്ച് ഒരു മരണവീട്ടിലേയ്ക്ക് തന്റെ അനുയായികളോടൊപ്പം ശിവ കടന്നുവന്നപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വീട്ടുകാര്‍ തങ്ങളുടെ നഷ്ടം ശിവയോട് പങ്കുവച്ചു. നാട്ടുകാര്‍ക്ക് നാട്ടുപ്രമാണി മാത്രമല്ല, തങ്ങളുടെ ഹൃദയവികാരം കൂടിയാണ് ശിവ. വേദനകളില്‍ അവര്‍ അഭയം തേടാറുള്ള ഈശ്വരരൂപമാണ് അദ്ദേഹം. മൃതദേഹത്തിനരികില്‍വച്ച് ആയിരത്തിന്റെ കുറേ നോട്ടുകള്‍ ആ കുടുംബത്തെ ഏല്പിച്ച് ശിവ മടങ്ങുമ്പോള്‍ 'ജില്ല'യുടെ സംവിധായകന്‍ നേശന്‍ പോലും അമ്പരന്നു നില്ക്കുകയായിരുന്നു; മോഹന്‍ലാല്‍ എന്ന അതുല്യ നടന്റെ ഭാവാഭിനയ വിസ്മയങ്ങള്‍ കണ്ട്. 


വര്‍ഷങ്ങള്‍ക്കു മുമ്പ്, തമിഴ് ജനതയുടെ ഹൃദയതാരകമായ എം.ജി.ആറിന്റെ ജീവിതം 'ഇരുവര്‍' എന്ന മണിരത്‌നം ചിത്രത്തിലൂടെ അവതരിപ്പിച്ച് തമിഴകത്തെ അമ്പരപ്പിച്ച മോഹന്‍ലാല്‍ വര്‍ഷങ്ങള്‍ക്കുശേഷം കമല്‍ഹാസനൊപ്പം 'ഉന്നൈപ്പോല്‍ ഒരുവനി'ല്‍ ഒരു പോലീസ് ഓഫീസറായി വീണ്ടും തമിഴകത്തേക്ക് എത്തിയിരുന്നു. ഇപ്പോഴിതാ തമിഴില്‍ മറ്റൊരു വിസ്മയം കൂടി തീര്‍ക്കാന്‍ ഇളയ ദളപതി വിജയ്‌ക്കൊപ്പമാണ് 'ജില്ല'യില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്. വിജയ് അവതരിപ്പിക്കുന്ന ശക്തി എന്ന കഥാപാത്രത്തിന്റെ പിതൃസ്ഥാനീയനായ ശിവ എന്ന കഥാപാത്രമായാണ് ലാലെത്തുന്നത്. മോഹന്‍ലാലിന്റെ ഭാര്യയായി പൂര്‍ണ്ണിമ ഭാഗ്യരാജ് വേഷമിടുന്നു. 



മധുരയിലും കാരൈക്കുടിയിലും ചിത്രീകരണം കഴിഞ്ഞ് 'ജില്ല' ചെന്നൈയിലെത്തിയപ്പോഴാണ് മോഹന്‍ലാലിന്റെയും വിജയ്‌ന്റെയും കോമ്പിനേഷന്‍ സീനുകള്‍ തുടങ്ങിയത്. ഒരുകോടിയിലേറെ രൂപ ചെലവിട്ട് നിര്‍മ്മിച്ച വടപളനിയിലെ കൊട്ടാരസദൃശമായ ഒരു സെറ്റിലാണ് 'ജില്ല'യുടെ വലിയൊരു ഭാഗവും ചിത്രീകരിച്ചത്. വിജയ് ഉള്‍പ്പെടെയുള്ള തമിഴ് നടന്മാര്‍ക്കും സംവിധായകനും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും മോഹന്‍ലാലിന്റെ അഭിനയശേഷി നേരിട്ടനുഭവിക്കാനുള്ള ഒരവസരം കൂടിയായി 'ജില്ല'യുടെ ഷൂട്ടിംഗ് ലൊക്കേഷനുകള്‍ മാറി. 



ലാലിന്റെ അഭിനയസിദ്ധി കണ്ട് സ്തബ്ധനായിപ്പോയ സംവിധായന്‍ നേശന്‍ പലപ്പോഴും കട്ട് പറയാന്‍ മറന്നുപോയി. ''ഇങ്ങനെയൊരു ആര്‍ട്ടിസ്റ്റിനെ ഞാന്‍ കണ്ടിട്ടില്ല. എത്ര പെട്ടെന്നാണ് അദ്ദേഹം കഥാപാത്രമായി മാറുന്നത്. കട്ട് പറഞ്ഞു കഴിഞ്ഞാല്‍ അദ്ദേഹം വീണ്ടും ലാല്‍ സാറായി. ലാല്‍സാറിനെ വച്ച് ഒരു ചിത്രം ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാന്‍ ശരിക്കും ഭാഗ്യവാനാണ്.'' നേശന്‍ പറയുന്നു. 

ചിത്രീകരണം നടക്കുന്നതിനിടയിലെ ഒരു സന്ധ്യയില്‍ വിജയ് മോഹന്‍ലാലിനോട് തന്റെ സ്വകാര്യമായ ഒരു ആഗ്രഹം അറിയിച്ചു. ''ലാല്‍സാര്‍... എന്റെ വീട്ടില്‍ വരുമോ? അതെന്റെയൊരു ആഗ്രഹമാണ്.''



തീര്‍ച്ചയായും വരാം, വിജയ് എന്റെ വീട്ടിലും വരുമല്ലോ?'' - വിജയ്‌യുടെ ക്ഷണം സ്വീകരിച്ച് മോഹന്‍ലാല്‍ പറഞ്ഞു. രണ്ടുനാള്‍ കഴിഞ്ഞ് ആക്ഷനും കട്ടുമില്ലാതെ കുറേനേരത്തേക്ക് ചെന്നൈയിലെ വിജയ്‌യുടെ വീട്ടില്‍ മോഹന്‍ലാലും സുചിത്രയും എത്തി. ഭാഷയുടെ അതിര്‍ത്തികള്‍ ഭേദിച്ച്, തമിഴകത്തിന്റെ എല്ലാ ആതിഥ്യമര്യാദകളും ചൊരിഞ്ഞ് വിജയും കുടുംബവും അവരിരുവരെയും സ്വീകരിച്ചു.

''ലാല്‍സാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതുപോലെ തന്നെ വീട്ടിലേക്ക് അദ്ദേഹത്തെയും കുടുംബത്തെയും കൂട്ടാന്‍ കഴിഞ്ഞതിലും ഏറെ സന്തോഷമുണ്ട്.'' പിരിയുന്നതിന് മുമ്പായി വിജയ് പറഞ്ഞു. 




അടുത്ത ദിവസം വീണ്ടും ഷൂട്ടിംഗിന്റെ ഒച്ചപ്പാടുകളിലേക്ക് ശിവയും ശക്തിയുമായി അവര്‍ പരിണമിച്ചു. പിന്നീടെപ്പോഴോ ഒരു സന്ധ്യയില്‍ വിജയ് മോഹന്‍ലാലിനോട് പറഞ്ഞു: ''ഞാനും കുടുംബവും ഇന്നു ലാല്‍സാറിന്റെ വീട്ടില്‍ വരുന്നുണ്ട്.'' 



ചെന്നൈയിലെ ഇഞ്ചംപക്കത്തെ ഗോള്‍ഡന്‍ ബീച്ചിനഭിമുഖമായി നില്ക്കുന്ന മോഹന്‍ലാലിന്റെ പുതിയ വീട്ടിലേക്ക് വിജയ് കുടുംബസമേതം കടന്നുവന്നപ്പോള്‍ ലാലും സുചിത്രയും മലയാളത്തിന്റെ സ്‌നേഹം വിളമ്പി അവരെ സ്വീകരിച്ചു. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പൂക്കള്‍ വിടര്‍ന്ന ആ ദിവസം വിജയ് മോഹന്‍ലാലിന്റെ വീടിനകവും പുറവും ലാലിനൊപ്പം സ്‌നേഹവര്‍ത്തമാനങ്ങളുമായി നടന്നു കണ്ടു. 



ലാലിന്റെ ആര്‍ട്ട് ഗ്യാലറി കണ്ട് വിജയ് വിസ്മയിച്ചു. രേഖാചിത്രങ്ങളും മ്യൂറല്‍ ചിത്രങ്ങളും കൊണ്ട് നിറഞ്ഞ ആര്‍ട്ടി ഗ്യാലറിയില്‍ നമ്പൂതിരിയുടെയും എം.എഫ് ഹുസൈനിന്റെയും സി.എന്‍. കരുണാകരന്റെയും പ്രതിഭാസ്പര്‍ശം പരന്നൊഴുകിയിരുന്നു. കലയുമായി ബന്ധപ്പെട്ട ഒന്നും ഒരുകലാകാരന് അന്യമല്ലെന്ന് തോന്നിക്കുന്ന വിധമായിരുന്നു ലാലിന്റെ ആര്‍ട്ട് ഗ്യാലറി. 



വിജയ്ക്കും കുടുംബത്തിനുമായി മലയാളിയുടെ ഇഷ്ട വിഭവങ്ങള്‍ തീന്‍മേശയില്‍ നിരന്നു. ''ഇനി നമുക്ക് ഭക്ഷണം കഴിയ്ക്കാം.'' ലാലിന്റെ സ്‌നേഹപൂര്‍വ്വമുള്ള ക്ഷണം കേട്ടപ്പോള്‍ വിജയ് പറഞ്ഞു: ''എന്റെ അമ്മയുടെ വയറ്റില്‍ ജനിക്കാതെ പോയ ജ്യേഷ്ഠനാണ് താങ്കള്‍.
എനിക്കുവേണ്ടി ചേട്ടന്റെ കൈകൊണ്ട് എന്തെങ്കിലും ഒരു ഭക്ഷണം ഉണ്ടാക്കിത്തന്നാല്‍ അതാകും എന്റെ ഒരു പുണ്യം.''
വിജയ്‌യുടെ ഹൃദയത്തില്‍നിന്നുള്ള ആ വാക്കുകള്‍ സ്‌നേഹത്തോടെ സ്വീകരിച്ചുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു: ''എന്നാല്‍ വിജയ്ക്ക് ഞാന്‍ ഒരു സ്‌പെഷ്യല്‍ ദോശയുണ്ടാക്കിത്തരാം.''

അടുക്കളയില്‍ ലാലിനൊപ്പം വിജയും കൂടി. ഒരു കുക്കിന്റെ റോളിലേക്ക് ലാല്‍ പെട്ടെന്ന് മാറി. ദോശയുണ്ടാക്കുന്ന ലാലിന്റെ ചിത്രങ്ങള്‍ വിജയ് തന്റെ വീഡിയോ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. മോഹന്‍ലാലിന്റെ ദോശയും തേങ്ങാചമ്മന്തിയും വിജയ് ആസ്വദിച്ചു കഴിച്ചുകൊണ്ട് പറഞ്ഞു ''ലാല്‍സാര്‍, നിങ്ങളുടെ കേരള ഫുഡ് എനിക്ക് വളരെ ഇഷ്ടമാണ്. പ്രത്യേകിച്ച് ദോശയും ചമ്മന്തിയും. ''

സൗഹൃദവും, സ്‌നേഹവും ആവോളം നിറഞ്ഞ ആ അന്തരീക്ഷത്തില്‍ നിന്നും രാത്രി പതിനൊന്നരയോടെ പിരിയുമ്പോള്‍ വിജയ് പറഞ്ഞു, ''ഈ സ്‌നേഹം ഞാന്‍ ഒരിക്കലും മറക്കില്ല''. നേരം പുലരുന്നതുവരെ മോഹന്‍ലാലിന്റെ സ്‌നേഹത്തണലില്‍ ഇരിക്കാന്‍ വിജയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, കാലത്ത് വീണ്ടും ശിവയും ശക്തിയുമായി ക്യാമറയ്ക്കു മുന്നില്‍ എത്തേണ്ടതിനാല്‍ ശുഭരാത്രി നേര്‍ന്ന് വിജയും കുടുംബവും കടന്നുപോയി. കാര്‍ ഏറെ ദൂരം പിന്നിടുന്നതുവരെ മോഹന്‍ലാല്‍ കൈവീശുന്നുണ്ടായിരുന്നു, താന്‍ അവതരിപ്പിച്ച ഏതൊക്കെയോ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുംവിധം.

.

No comments :

Post a Comment