| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

റാഫിയുടെ ഓര്‍മയിലെ 'അനിയന്‍ ബാവ, ചേട്ടന്‍ ബാവ' പെരുന്നാള്‍

No comments
മറ്റൊരു പെരുന്നാള്‍കൂടി കടന്നുവരവേ ഓര്‍മയിലെ പെരുന്നാളിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സംവിധായകന്‍ റാഫിയെ സംബന്ധിച്ചിടത്തോളം ഇപ്പോഴും ആദ്യം ഓര്‍മയിലേക്ക് വരുന്നത് കുട്ടിക്കാലത്തെ പെരുന്നാളും പെരുന്നാള്‍ രാവും തന്നെയാണ്.

എന്നാല്‍ കുട്ടിക്കാലത്തിനുശേഷം ഏറ്റവും അധികം ആഹ്ലാദിച്ച് ആസ്വദിച്ച പെരുന്നാള്‍ അനിയന്‍ബാവ, ചേട്ടന്‍ ബാവ സിനിമ റിലീസായതിനുശേഷമുള്ള പെരുന്നാളായിരുന്നു. കാരണം ഈ മേഖലയില്‍ നില്ക്കണോ അതോ ഫീല്‍ഡില്‍ നിന്നുതന്നെ വിരമിക്കണോ എന്ന തീരുമാനമെടുക്കേണ്ട ഘട്ടമായിരുന്നത്. ഉണ്ടായിരുന്ന ജോലിയെല്ലാം കളഞ്ഞ് സിനിമാഫീല്‍ഡിലേക്ക് മെക്കാര്‍ട്ടിനും റാഫിയുംകൂടി കാലെടുത്തുവെച്ചുവെങ്കിലും തിരക്കഥയെഴുതിയ രണ്ടു സിനിമകളും വേണ്ടത്ര സാമ്പത്തികവിജയം നേടിയില്ല. ഇതോടുകൂടി തങ്ങളുടെ ചീട്ട് കീറി എന്ന് ഇരുവരും ഏകദേശം തീരുമാനിച്ച സമയമായിരുന്നു. ഇതിനുശേഷമാണ് വീണ്ടും അനിയന്‍ബാവ ചേട്ടന്‍ബാവ റിലീസാകുന്നത്. റിലീസായി കുറച്ചുദിവസം കഴിഞ്ഞാല്‍ നോമ്പ് തുടങ്ങുമെന്നതിനാല്‍ സിനിമ അധികദിവസം ഓടില്ലെന്ന് പലരും പറഞ്ഞു. നോമ്പായതിനാല്‍ അതുശരിയാകുമെന്നും റാഫിക്കും മെക്കാര്‍ട്ടിനും ഉറപ്പുണ്ടായിരുന്നു. എന്നാല്‍ നോമ്പ് തുടങ്ങിയിട്ടും തീയേറ്ററില്‍ വന്‍ കലക്ഷനോടുകൂടിയാണ് സിനിമ നിറഞ്ഞുനിന്നത്. ജീവിതം കീഴടക്കിയ സന്തോഷമായിരുന്നു ആ പെരുന്നാളിന്. ചെറുപ്പികാലത്തിനുശേഷം ആദ്യമായാണ് ഒരു പെരുന്നാളിന് സന്തോഷിച്ചത്. ഞാനും മെക്കാര്‍ട്ടിനും മാത്രമല്ല, കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം അന്ന് വലിയ ആഹ്ലാദത്തിലാണ് ആ പെരുന്നാള്‍ ആഘോഷിച്ചത്. കാരണം ഞങ്ങളുടെ വിധി നിര്‍ണയിക്കുന്ന സിനിമയായിരുന്നു അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്നുള്ളത് എല്ലാവര്‍ക്കുമറിയാമായിരുന്നു.

ഇപ്പോള്‍ ഈ ചെറിയ പെരുന്നാള്‍ ആഘോഷിക്കുമ്പോഴും തനിക്ക് ഇരട്ടി സന്തോഷമാണെന്നും റാഫി പറഞ്ഞു. കാരണം മെക്കാര്‍ട്ടിനുമായി വേര്‍ പിരിഞ്ഞശേഷം സ്വതന്ത്രമായി ചെയ്ത ആദ്യത്തെ ചലച്ചിത്രം റിംഗ്മാസ്റ്റര്‍ സൂപ്പര്‍ ഹിറ്റായി ഇപ്പോഴും നൂറുദിവസം കഴിഞ്ഞിട്ടും തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഈ വര്‍ഷം ഇറങ്ങിയ ചലച്ചിത്രങ്ങളില്‍ വിരലില്ലെണ്ണാവുന്ന ഹിറ്റുകളിലൊന്നായി മാറിയതിനുശേഷം വരുന്ന ആദ്യത്തെ പെരുന്നാളാണിത്.

കുട്ടുംകുടുംബമായിരുന്നു റാഫിയുടേത്. എറണാകുളത്തെ പുല്ലേപ്പടിയില്‍ ജ്യേഷ്ഠാനുജന്മാരുടെ മൂന്നുകുടുംബമായിരുന്നു ഒരു തറവാട്ടില്‍ കഴിഞ്ഞിരുന്നത്. സമപ്രായക്കാരായ പത്തുപതിനഞ്ച് കുട്ടികളാണ് അന്ന് തറവാട്ടിലുണ്ടായിരുന്നത്. പെരുന്നാള്‍ രാവിന് പടക്കംപൊട്ടിക്കലില്‍ തുടങ്ങുന്ന റാഫി അടങ്ങിയ ഈ ഗ്യാംഗിന്റെ ആഘോഷം രണ്ടുദിവസത്തോളം നീണ്ടുനില്ക്കും. രാവിലെ പള്ളിയിലൊക്കെ പോയി വന്നശേഷം തറവാട്ടിലെ മൂന്നു അടുക്കളകളിലും ഇവരെല്ലാം കയറിയിറങ്ങും എവിടെനിന്നും ഇഷ്ടമുള്ളതെല്ലാം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. പിന്നെ അടുത്ത പരിപാടി പെരുന്നാപ്പടിയാണ്. പെരുന്നാള്‍ പ്രമാണിച്ച് മുതിര്‍ന്നവരില്‍ നിന്ന് ലഭിക്കുന്ന കൈനീട്ടത്തിനാണ് പെരുന്നാപ്പടിയെന്നു പറയുക. ഇത് ഉച്ചവരെ പരമാവധി എല്ലാവരില്‍ നിന്നും കളക്റ്റ് ചെയ്യും. ശേഷം ഉച്ചഭക്ഷണത്തിനുശേഷം നേരെ മറ്റൈന്‍ഡ്രൈവിനടുത്തെ ചില്‍ഡ്രന്‍സ് പാര്‍ക്കിലേക്കാണ് ഓട്ടം. ചെറിയകാര്‍, സ്‌കൂട്ടര്‍ എന്നിവയില്‍ മണിക്കൂറിന് വാടകകൊടുത്താല്‍ വലിയ റോഡില്‍ സഞ്ചരിക്കുന്നതുപോലെ തന്നെ ട്രാഫിക്ക് നിയമങ്ങളും പൊലീസുമെല്ലാമുള്ള കുട്ടിറോഡിലുടെ മണിക്കൂറുകള്‍ സഞ്ചരിക്കുന്നതിന്റെ ആഹ്ലാദത്തിലായിരിക്കും. പിന്നീട് വീണ്ടും വീട്ടിലേക്ക് തിരിച്ചുവരുമ്പോഴേക്ക് അടുത്ത ബന്ധുക്കളെല്ലാം തറവാട്ടിലെത്തിയിട്ടുണ്ടാകും. രണ്ടു പെരുന്നാളുകള്‍ തരുന്ന ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് പെരുന്നാള്‍ ദിനത്തിലെ ഈ മധുരമാണെന്നും റാഫി അടിവരയിട്ടുപറയുന്നു.

ചിരിയാണ് ഈ ഒത്തുകൂടലിലെ പ്രധാന അജണ്ട. അതിനുവേണ്ടി പരസ്പരം പല കമന്റുകളും പാസ്സാക്കും. ഞങ്ങളൊയൊക്കെ നര്‍മബോധമുള്ളവരാക്കി മാറ്റിയത് ഈ ഒത്തുകൂടലാണെന്ന് ഇപ്പോള്‍ തോന്നുന്നു. ഇപ്പോള്‍ തറവാടൊന്നുമില്ലെങ്കിലും ഞാനും അനിയന്‍ ഷാഫിയും (സംവിധായകന്‍) സഹോദരി റസൂമയുടെ കുടുംബവും ഉമ്മയുടെ അടുത്ത് എല്ലാ പെരുന്നാളിനും ഒത്തുകൂടാറുണ്ട്. മക്കളെയെല്ലാം ഈ വഴിയിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടിതന്നെയാണിത് ചെയ്യുന്നതെന്നും പൊതുവെ വിഷു റിലീസിംഗ് കണക്കാക്കി സിനിമാ പ്ലാന്‍ ചെയ്യുതിനാലും നോമ്പെടുക്കുന്നതിനാലും നോമ്പും പെരുന്നാളിന്റെ സമയത്തും ഷൂട്ടിംഗ് മറ്റും വന്നിട്ടില്ലെന്നും റാഫി പറഞ്ഞു.

കടപാട് :m ഫ്രമെസ് 

No comments :

Post a Comment