| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

പുരുഷലോകത്തെ പ്രതിയാക്കി കുറ്റവിചാരണ നടത്തുന്ന തിര..!

No comments
വിനീത് ശ്രീനിവാസന്റെ മൂന്നാമത്തെ സിനിമ തിര ഒരു സാമൂഹിക കുറ്റാന്വേഷണ കഥയാണ്. ലൈംഗികവസ്തു എന്ന നിലയില്‍മാത്രം സ്ത്രീശരീരങ്ങളെ കാണുന്ന പുരുഷലോകത്തെ പ്രതിയാക്കി, കാലത്തിന്റെ കുറ്റവിചാരണ നടത്തുന്ന സിനിമയാണ് തിര.

പ്രണബ് റോയ് എന്ന സാമൂഹികപ്രവര്‍ത്തകനെ ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട സ്‌റ്റേറ്റ് മെഷീനറി കുറ്റവാളിയാക്കുകയും ഒരു ജുഡീഷ്യല്‍ മര്‍ഡറിലൂടെ ഇല്ലായ്മപ്പെടുത്തുകയും ചെയ്യുന്നതിനെപ്പറ്റി അന്വേഷിക്കുന്ന, അയാളുടെ വിധവ രോഹിണി പ്രണബിലാണ് സിനിമ തുടങ്ങുന്നത്. പ്രണബിന്റെ മരണത്തെപ്പോലും മറന്നുപോകുന്ന വിധത്തില്‍ രോഹിണി ഒരു വലിയ ഉത്തരവാദിത്തത്തിന്റെ പിടിയിലാണ്. ഒരു ഡോക്ടര്‍ കൂടിയായ അവര്‍, സെക്‌സ് ട്രാഫിക്കിംഗിന് ഇരയായ പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി സംരക്ഷിക്കുകയായിരുന്നു. കോര്‍പ്പറേറ്റ് ഗുണ്ടകള്‍ ആ പെണ്‍കുട്ടികളെ വീണ്ടും കടത്തിക്കൊണ്ടുപോയി. അവരെ ഒരിക്കല്‍ക്കൂടി കണ്ടെത്തി, രക്ഷിക്കേണ്ട ചുമതലയാണു രോഹിണി സ്വയം സ്വീകരിക്കുന്നത്.
ഇതേസമയം, നവീന്‍ എന്ന ചെറുപ്പക്കാരന്റെ സഹോദരി, അവന്റെ കണ്‍മുന്നില്‍വെച്ച് തട്ടിക്കൊണ്ടുപോകലിന് ഇരയാകുന്നു. പൊലീസിന്റെയോ സ്‌റ്റേറ്റിന്റെയോ സഹായം ലഭിക്കാതെ അവന്‍ സ്വയം പെങ്ങളെ കണ്ടുപിടിക്കാന്‍ ഇറങ്ങുന്നു. നവീന്റെയും രോഹിണിയുടെയും അന്വേഷണപാതകള്‍ ഒരിടത്ത് ഒന്നാകുകയും അവര്‍ കനത്ത ആ സാമൂഹിക ഉത്തരവാദിത്തത്തിന്റെ പങ്കാളികളാകുകയും ചെയ്യുന്നു. ഇതാണ് തിരയുടെ അടിസ്ഥാനപ്രമേയം.

വിനീത് ശ്രീനിവാസന്റെ മുന്‍സിനിമകള്‍ മുന്നോട്ടുവച്ച മാതൃകകളില്‍നിന്നു കുതറിമാറാനുള്ള യത്‌നമാണ് തിര. ആ കാര്യത്തില്‍ തിര പരിപൂര്‍ണമായും വിജയിച്ചിരിക്കുന്നു. എന്നാല്‍, അതിശ്രദ്ധയും അമിതമായ ആത്മവിശ്വാസവും ഹോളിവുഡ് സിനിമകളെ വിധത്തിലും തരത്തിലും സ്വഭാവത്തിലും അന്ധമായി അനുകരിക്കാനുള്ള വാസനയും ചേര്‍ന്ന് വിജയകരമാകാമായിരുന്ന ഒരു മികച്ച ശ്രമത്തെ ബലഹീനമായ സിനിമയാക്കിമാറ്റുകയാണിവിടെ.
വളരെ ആഴമുള്ള, കാലത്തിന്റെ സാമൂഹികസ്പന്ദനമുള്‍ക്കൊള്ളുന്ന ഒരു പ്രമേയവും നിലപാടുമാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്. സ്ത്രീയെന്നത് ലൈംഗികോപകരണവും ഇരയും മാത്രമായിത്തീരുന്ന ഒരു വികലകാലത്തിന്റെ മുഖമാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. അത്രയും നാം വിനീതിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുകതന്നെ ചെയ്യും. കച്ചവടസിനിമയുടെ മുദ്രാവാക്യമായ വിനോദത്തിനപ്പുറം സിനിമയ്ക്കുതന്നെയും പ്രേമത്തിനപ്പുറം സ്ത്രീപുരുഷബന്ധത്തിനും വേറേയും സങ്കീര്‍ണമായ ഇടങ്ങളും ഭാവങ്ങളും സന്ധികളുമുണ്ടെന്ന് സിനിമ കണ്ടെത്തുന്നു.

ഒരുപക്ഷേ, കഹാനി പോലെയുള്ള സിനിമകളും ഡല്‍ഹി കൂട്ടബലാത്സംഗ സംഭവം പോലെയുള്ള വസ്തുതകളും വിനീതിലെ സാമൂഹികവിചാരത്തെ ഉദ്ദീപിപ്പിച്ചിരിക്കാം. സാമൂഹികചിന്തയുടെ ആര്‍ജവം ദീക്ഷിക്കുന്ന കലാകാരന്‍ എന്ന നിലയിലാണ് വിനീത് ശ്രദ്ധേയനാകുന്നത്. ആ കല സിനിമയുടെ പേരുമുതല്‍ ധ്വനിക്കുന്നുണ്ട്. തിരയെന്നാല്‍, തിരയല്‍ ആകുന്നു. ഒപ്പംതന്നെ ഒരിക്കലും അവസാനിക്കാത്ത അന്വേഷണമാകുന്നു. ഒരേ സംഭവത്തിന്റെ മാറ്റമില്ലാത്ത ആവര്‍ത്തനവുമാകുന്നു.
പക്ഷേ, സിനിമ എന്ന നിലയില്‍ രൂപപരമായിത്തന്നെ തിര ദൗര്‍ബല്യം പുലര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ സിനിമ ഉദ്ദേശിക്കുന്ന ആഴത്തില്‍ അതിന്റെ വിഷയം കാണിയിലേക്ക് എത്തുന്നില്ല. ഉദ്വേഗഭരിതമായ ഒരു കുറ്റാന്വേഷണകഥയുടെ മട്ടാണ് സിനിമ പാടേ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കാണിയുടെ ഹൃദയതന്തികള്‍ തുടക്കം മുതല്‍ മുറുക്കിക്കെട്ടുന്നു. ആദ്യത്തെ പത്തുപതിനഞ്ചു മിനിറ്റുനേരം കൊണ്ട് കാണികള്‍ ആ മുറുക്കലിനു പൂര്‍ണമായും വിധേയരാകുന്നു. എന്നാല്‍, ഇനി മുറുക്കിയാല്‍ പൊട്ടുമെന്ന നിലയില്‍ ആദ്യനിമിഷങ്ങളില്‍ തന്നെ എത്തിച്ചേരുന്ന സിനിമ അതിനാല്‍ത്തന്നെ, പിന്നങ്ങോട്ട് ഏകതാനതയില്‍ നീങ്ങുന്നു.

മെല്ലെ തുടങ്ങി, ഉദ്വേഗവഴികളിലേക്കു പ്രവേശിച്ച്, അതിന്റെ പിരിമുറുക്കം കൂട്ടിക്കൂട്ടിവന്ന് കാണികളെ സ്തബ്ധതയിലേക്കും പിന്നെ, ആശ്വാസത്തിലേക്കും നയിക്കുന്ന രീതിയല്ല. തുടക്കത്തില്‍ത്തന്നെ പിരിമുറുക്കം പരമാവധി. അതിന്റെ വേഗത്തെ കലാത്മകമായി ആവിഷ്‌കരിക്കാന്‍ ആകാതെപോയി. ആദ്യഞെട്ടലിനുശേഷം ക്രമേണ മന്ദവേഗത്തിലാകുന്ന കാണികളുടെ ഹൃദയമിടിപ്പ് സിനിമാസ്വാദനം വിളംബിതമാക്കുന്നു. സിനിമ തീര്‍ന്ന്, നായികാഭ്യുദയം സാധിക്കുമ്പോഴും, തിയേറ്ററുകളില്‍ നിന്നിറങ്ങിപ്പോകുമ്പോഴും ആ പെണ്‍കുട്ടികളുടെയോ നവീന്റെയോ രോഹിണിയുടെയോ പ്രണബിന്റെയോ പ്രശ്‌നങ്ങളെ കാണികള്‍ കൂട്ടിക്കൊണ്ടുപോകില്ല.

എഡിറ്റിംഗിന്റെ വേഗംകൊണ്ട് സ്വഭാവത്തിനു ഹാനി സംഭവിച്ച മികച്ച സിനിമാശ്രമമാണ് തിരയെന്ന് ഒറ്റവാക്കില്‍ പറയാം. ഈ സിനിമ മൂന്ന് ഭാഗങ്ങളുള്ള ഒരു പരമ്പരയുടെ ആദ്യം മാത്രമാണെന്ന് വിനീത് പറയുന്നുണ്ട്. രണ്ടാം ഭാഗം ഒരുപക്ഷേ, പ്രണബിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമായിരിക്കാനുള്ള സാധ്യതയും ചിത്രാന്ത്യത്തില്‍ തുറന്നിടുന്നുണ്ട്. അവിടെയങ്കിലും തീര്‍ച്ചയായും എഡിറ്റിംഗിന്റെ താളം പുതുക്കി നിശ്ചയിക്കാന്‍ വിനീത് തുനിയുമെന്നു പ്രതീക്ഷിക്കാം.
സിനിമ ഇന്ത്യന്‍ സമകാലികത കോര്‍പ്പറേറ്റ് നഗരഭാവന, പെണ്ണിനെ രത്യുപകാരവസ്തുമാത്രമായി കണക്കാക്കുന്നതിന്റെ ക്രൂരതയെ അനാവരണം ചെയ്യുകയാണ്. എന്നാല്‍, ആത്യന്തികമായി സിനിമ ഇന്ത്യ ഈ വിഷയത്തില്‍ സൃഷ്ടിച്ച മെഴുകുതിരി വിപ്ലവത്തിന്റെ ഉപോല്‍പ്പന്നം മാത്രമായി ഒടുങ്ങുന്നു. ചിത്രാന്ത്യത്തില്‍ മെഴുകുതിരി ജാഥകൊണ്ടുതന്നെ തന്റെ നിലപാടിനെ സംവിധായകന്‍ അടയാളപ്പെടുത്തുന്നുണ്ട്. സാമൂഹികമായ പരിഹാരങ്ങളേക്കാളധികം, ദൈവികമായൊരു ഇടപെടലിന്റെ ഫലമായിട്ടുകൂടിയാണ് വിനീത് അന്തിമവിജയത്തെ അടയാളപ്പെടുത്തുന്നത്.
അന്തിമഘട്ടത്തില്‍ നായകനെ റദ്ദാക്കുകയും അയാളോടു ശാന്തമായി വര്‍ത്തിക്കാന്‍ പറഞ്ഞുകൊണ്ട് കാര്യങ്ങളെ തന്റെ തീരുമാനത്തിനു വിധേയമായി പരിവര്‍ത്തിപ്പിക്കുകയും ചെയ്തുകൊണ്ട് മലയാളസിനിമയില്‍ പതിവില്ലാത്ത ഒരു പുതുവഴി ദീക്ഷിക്കാന്‍ തിര തയ്യാറാകുന്നുണ്ട്. അത്രയും നല്ലത്. എന്നാല്‍, നായകന്റെ ശരീരശക്തിയില്ലാതെ ഇത്തരം പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ ഇന്നും കമ്പോളസിനിമയ്ക്കു സാധ്യമല്ല.

tumblr_mr604ihrPt1rkrr3vo1_500
വിനീതിന്റെ നിലപാട് ഉന്നതമദ്ധ്യവര്‍ഗസമൂഹം സ്വീകരിക്കുന്ന മെഴുകുതിരി വിപ്ലവനിലപാടില്‍നിന്നു ഒട്ടും തന്നെ ഭിന്നമല്ലെന്നു പറയാന്‍ മറ്റൊരു കാരണം, സിനിമയുടെ സാങ്കേതികഭാഷയാണ്. സിനിമയിലെ കാഴ്ചപ്പെടുത്തലുകള്‍ തീര്‍ച്ചയാലും പലപ്പോഴും ഒരു ഒളിച്ചുനോട്ടത്തിന്റെ തരത്തിലാണ്. ബസ്സിലിരുന്നു യാത്ര ചെയ്യുന്ന നവീനെയും സഹയാത്രികയെയും ക്യാമറ കാണുന്നത്, അസാധാരണമായ ഒരു പാളിനോട്ടത്തിന്റെ ആവര്‍ത്തനങ്ങളിലൂടെയാണ്.

മിക്കവാറും കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും സിനിമ പിന്തുടരുകയോ വശത്തുനിന്നു വീക്ഷിക്കുകയോ ആണ്. ഒരിക്കലും രോഹിണിയെ നേരിട്ട് അഭിസംബോധന ചെയ്യാന്‍ ക്യാമറ ഉദ്ദേശ്യപൂര്‍വം ശ്രമിക്കുന്നില്ല. കാര്യങ്ങളെ നേരിട്ടുമുട്ടാതെ, ഒരു വഴുക്കന്‍ മട്ടില്‍ അതിനെ കൈകാര്യം ചെയ്യുന്ന മധ്യവര്‍ഗസമീപനം സിനിമയെ കീഴടക്കുന്നു. ഒരുതരത്തില്‍, സാമൂഹികപ്രതിബദ്ധതയുടെ ഒരു നാട്യമായി സിനിമ മാറുന്നതും അതുകൊണ്ടാണ്. ഇരകളുടെ ദുഖത്തിന്റെ ആനന്ദമായി കാഴ്ചകള്‍ക്ക് മാറാനാകുന്നു. പ്രശ്‌നങ്ങളെ പര്‍വതീകരിക്കുന്ന മധ്യവര്‍ഗസ്വഭാവവും മീഡിയ സ്വഭാവവും സിനിമ ദീക്ഷിക്കുന്നു. ഫലം, സിനിമയെന്നതിലപ്പുറം ഡോക്യുമെന്ററിയായി അതു മാറുന്നു.

തിരയിലൂടെ മികച്ച ഒരു സംവിധായകന്റെ തിരനോട്ടം കാണാം.

കടപാട്: അൻവർ അബ്ദുള്ള 

No comments :

Post a Comment