| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

'പുള്ളിപ്പുലികളെ കാണാന്‍ ബുദ്ധിജീവികള്‍ വരരുത്'

No comments
'ഇമ്മാനുവലി'ന്റെ വിജയത്തിനു ശേഷം കുഞ്ചാക്കോ ബോബന്‍, നമിത പ്രമോദ് എന്നിവരെ ജോഡികളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 'പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും 'റംസാന് തിയേറ്ററുകളിലെത്തുകയാണ്. ഷൂട്ടിങ് സമയത്ത് ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തിയ പടമായിരുന്നു ഇതെന്ന് ലാല്‍ ജോസ് പറയുന്നു.

''എന്റെ കരിയറിലെ ഏറ്റവും നീണ്ട ഒറ്റഷെഡ്യൂള്‍ സിനിമയാണ് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും. 65 ദിവസമായിരുന്നു ഷെഡ്യൂള്‍. കുട്ടനാട്ടിലെ ഷൂട്ടിങ്. മഴ വല്ലാതെ വലച്ചു. ഒരു ടേക്ക് കഴിഞ്ഞ് അടുത്തതിലേക്ക് വരുമ്പോഴേക്കു സെറ്റില്‍ വെള്ളം കയറിയിട്ടുണ്ടാവും. അപ്പോള്‍ കുഞ്ചാക്കോ ബോബനേയും നമിതയേയും നിര്‍ത്തി പാട്ടുകളുടെ കട്ട്‌സ് എടുക്കും. നായകനും നായികയും ഫുള്‍ ഷെഡ്യൂള്‍ ഒപ്പമുണ്ടായത് ഏറെ സഹായകമായി.'' 

''എന്റെ ആദ്യചിത്രമായ ഒരു മറവത്തൂര്‍ കനവ്, മീശമാധവന്‍, ചന്ദ്രനുദിക്കുന്നദിക്കില്‍, ചാന്ത്‌പൊട്ട്, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയവ പോലെ തീര്‍ത്തും നാട്ടിന്‍ പുറത്തെ കഥയാണ് പുള്ളിപ്പുലികളുടേത്. തമാശയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ഫുള്‍ ടൈം എന്റടെയ്‌നര്‍. അതുകൊണ്ടുതന്നെ ബുദ്ധിജിവികള്‍ക്കൊന്നും തീയറ്ററിലേക്ക് പ്രവേശനമില്ല. കണ്ണും കാതും ഹൃദയവും കൊണ്ട് മാത്രം ആസ്വദിക്കേണ്ട സിനിമയാണിത്. തലച്ചോറുകൊണ്ട് ഈ സിനിമ ആസ്വദിക്കാന്‍ ആരും വരണമെന്നില്ല.'', ലാല്‍ ജോസ് നയം വ്യക്തമാക്കുന്നു.

ദിലീപിനെ നായകനാക്കിയുള്ള 'ഏഴുസുന്ദരരാത്രികളു'ടെ ഷൂട്ടിങ് സപ്തംബര്‍ 15-നു ശേഷം എറണാകുളത്ത് തുടങ്ങുമെന്നും ലാല്‍ ജോസ് പറഞ്ഞു. റിമ കല്ലിങ്ങല്‍ ആണ് ചിത്രത്തിലെ ഒരു നായിക. രണ്ടാമത്തെ നടിയെ തേടിക്കൊണ്ടിരിക്കുകയാണ്. വൈകി കല്യാണം കഴിക്കുന്ന ഒരു യുവാവിന്റെ കല്യാണ ദിവസത്തിനു മുന്നെയുള്ള ഏഴുരാത്രികളുടെ കഥയാണത്. നഗരപശ്ചാത്തലത്തില്‍ ത്രില്ലര്‍ സ്വഭാവമുള്ള ഒരു കഥ. 
ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന മറ്റൊരു സിനിമ കൂടി ലാല്‍ ജോസിന്റെ അടുത്ത പദ്ധതികളിലുണ്ട്. കഥയ്ക്ക് 'വാടകക്കൊലയാളി' എന്നാണ് പേരിട്ടിരിക്കുന്നത്. പേര് ഉറപ്പിച്ചിട്ടില്ല.

No comments :

Post a Comment