Featured Posts
ലെഫ്റ്റ് മറന്ന ലെഫ്റ്റ്
KERALA
,
LEFT RIGHT LEFT
,
MALAYALAM
,
MALAYALAM CINE NEWS
,
MALAYALAM MOVIE
,
MOVIE NEWS
No comments
മിഖായേല്‍ ഗോര്‍ബച്ചേവ്, ഗ്ലാസ്‌നോസ്ത്, പേരിസ്‌ട്രോയിക്ക, ടിയാനന്‍ മെന്‍ സ്‌ക്വയര്‍, ഒഞ്ചിയം.....പാരമ്പര്യവാദികളായ കമ്മ്യൂണിസ്റ്റുകള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ചില സൂചകങ്ങള്‍ ന്യൂജനറേഷന്‍ സിനിമകള്‍ ആസ്വദിക്കുന്ന തലമുറക്ക് അപരിചിതമല്ല. ആ തലമുറ തികഞ്ഞ അരാഷ്ട്രീയ ബുജികളോ അവസരവാദികളോ ആണെന്ന വാദവും ശരിയല്ല. സ്റ്റാലിനിസം എന്നോ സ്റ്റാലിനിസ്റ്റ് എന്നോ പറഞ്ഞാല്‍ അവര്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.
ചെറിയ അഭിപ്രായവ്യത്യാസത്തെപ്പോലും അസഹിഷ്ണുതയോടെ കാണുകയും എതിര്‍പ്പിന്റെ സ്വരത്തെ ഉന്മൂലനം ചെയ്യുകയും ആവിഷ്‌കാരസ്വാതന്ത്ര്യം ശത്രുവിന് ആയുധം നല്‍കലാവുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നവര്‍ ഒരു സിനിമയെ കഴുത്ത് ഞെരിച്ചു കൊല്ലുന്നതിനെ സ്റ്റാലിനിസം എന്നേ വിശേഷിപ്പിക്കാനാവൂ. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ ചിലര്‍ക്ക് അലോസരമുണ്ടാക്കുന്നു. കാരണം അതില്‍ ചില സൂചനകളും സത്യത്തെ അന്വേഷിക്കുന്ന പ്രവണതയും കാണുന്നു. ജനം അത് കാണുന്നത് ശരിയല്ല എന്ന് ആര്‍ക്കോ തോന്നുന്നു. ഏകാധിപതിയുടെ ഉള്ളില്‍ ഒരു ഭീരു ഒളിഞ്ഞിരിപ്പുണ്ടെന്ന ചരിത്രവും മനഃശാസ്ത്രവും ഇന്നും ശരി തന്നെ.
അപ്രഖ്യാപിത വിലക്ക് !!
മലബാര്‍ മേഖലയില്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. തിയേറ്ററുകളില്‍ നിന്നും ചിത്രം പിന്‍വലിക്കുന്നു. ചിലയിടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നില്ല. കാണാന്‍ ആളില്ലാത്തതുകൊണ്ടല്ല. അജ്ഞാതകേന്ദ്രത്തില്‍ നിന്നുള്ള ഈ അപ്രഖ്യാപിത വിലക്ക്, നമ്മുടെ സിനിമാ ചരിത്രത്തില്‍ കേട്ടറിവുള്ള കാര്യമല്ല.
എന്താണ് ആ ചിത്രത്തില്‍?
കഥാപാത്രങ്ങളല്ല, കാരിക്കേച്ചറുകളാണ് അതില്‍ കഥ പറയുന്നത്.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ജീര്‍ണ്ണത ബാധിച്ചു എന്നു വിശ്വസിക്കുന്നവരുണ്ട്. പ്രസ്ഥാനത്തിനകത്ത് ദുഷ്പ്രവണതകള്‍ വര്‍ധിച്ചതായും പ്രസ്ഥാനം കമ്മ്യൂണിസത്തില്‍ നിന്ന് വ്യതിചലിച്ചുപോയതായും വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ കമ്മ്യൂണിസത്തില്‍ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്ത കുറച്ചുപാവങ്ങളും പ്രസ്ഥാനത്തിലുണ്ട്.
അവരെയും പാര്‍ട്ടിയെയും ബന്ദിയാക്കി തന്നിഷ്ടം നടത്തുന്നവരുടെ മുഖംമൂടി മാറ്റാനുള്ള ശ്രമമാണ് അരുണ്‍ കുമാര്‍ അരവിന്ദും മുരളി ഗോപിയും ഈ ചിത്രത്തിലൂടെ നടത്തുന്നത്.
ബന്ദിയാക്കപ്പെട്ട പാര്‍ട്ടിയും പാര്‍ട്ടി സംവിധാനവും പാര്‍ട്ടി ഘടകങ്ങളില്‍ മൃഗീയ ഭൂരിപക്ഷവും ഉപയോഗിച്ച് ജനസമ്മിതിയുള്ള നേതാവിനെ പുകച്ചു പുറത്ത് ചാടിക്കാനുള്ള നിരന്തരമായ, സമഗ്രമായ കുത്സിത നീക്കങ്ങളെ പാര്‍ട്ടിപ്രവര്‍ത്തനമെന്ന് തെറ്റിദ്ധരിപ്പിച്ച് അണികളെ സജീവമാക്കുന്ന പ്രക്രിയ, ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച കമ്മ്യൂണിസ്റ്റ് വിരുദ്ധ തന്ത്രമാണ്. നിര്‍ഭാഗ്യവശാല്‍ കമ്മ്യൂണിസ്റ്റ് ലേബലിലാണ് ഈ വിരുദ്ധപ്രവര്‍ത്തനം ഇവിടെ അരങ്ങേറുന്നത്. ഈ കുടിലതന്ത്രം അല്പമെങ്കിലും ജനം അറിയുന്നത് ബൂര്‍ഷ്വ മാധ്യമങ്ങളിലൂടെയും!
മാധ്യമങ്ങളെ വായടപ്പിക്കാന്‍ കഴിയാത്തതുകൊണ്ട് കലാരൂപങ്ങളുടെ നേര്‍ക്ക് ഫാസിസത്തിന്റെ ഛായയുള്ള വിലക്കുകളുമായി വരുന്നത് സഹതാപത്തോടെ മാത്രമെ കാണാന്‍ കഴിയൂ. ഉയിരും ഊര്‍ജ്ജവും നല്‍കിയ പ്രസ്ഥാനം നശിക്കുന്നതിന്റെ വേദനയനുഭവിക്കുന്ന രണ്ട് ട്രൂ കമ്മ്യൂണിസ്റ്റുകള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അഴിമതി പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട് ലെഫ്റ്റിന്റെ തുടക്കത്തില്‍. ശ്രീജിത് രവിയും സുധീര്‍ കരമനയും ജീവന്‍ നല്‍കിയ ആ കഥാപാത്രങ്ങള്‍ പാര്‍ട്ടിയിലെ വലിയ ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്നു.
കലാലയത്തിലെ കത്തിരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ സൈമണ്‍ ബ്രിട്ടോയുടെ നിഴല്‍ വീണ കഥാപാത്രമായി മുരളിഗോപി വരുന്നു. ജനപ്രിയനായ യുവനേതാവ്, നാളെ തനിക്ക് ഭീഷണിയായി വളരുമോ എന്ന ഭയം വാള്‍മുനകൊണ്ട് തീര്‍ക്കാന്‍ ശ്രമിക്കുകയാണ് തീയില്‍ക്കുരുത്ത നേതാവ്. സാദൃശ്യങ്ങള്‍ യാദൃശ്ചികമാവരുതേ എന്ന് കാണികള്‍ പ്രാര്‍ത്ഥിച്ചുപോകുന്നുണ്ട് പലപ്പോഴും.
ഇന്ദ്രജിത്തിന്റെ പോലീസ് വേഷം സമകാലീന പോലീസ് സേനയിലെ ചില യഥാര്‍ത്ഥവേഷങ്ങളുടെ നേര്‍ക്കാഴ്ച തന്നെയാണ്. അവന്റെ തട്ടിപ്പും തരികിടയും അനിഷ്ടവും ആത്മാര്‍ത്ഥതയും എല്ലാം കൂടിക്കലര്‍ന്ന സ്വഭാവചിത്രീകരണം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു.
എല്ലാം ഭസ്മമാക്കുന്ന സംഹാരമൂര്‍ത്തിയായ കൈതേരി സഹദേവനായി ഹരീഷിന്റെ പ്രകടനം ഉജ്ജ്വലം. നിശ്ചയദാര്‍ഢ്യം തുടിക്കുന്ന ശബ്ദം. മൃദുലവികാരം മരിച്ചുകിടക്കുന്ന മുഖം, അഹന്തയോടെ വീര്‍പ്പിച്ചു പിടിച്ച നെഞ്ച്, അംഗചലനങ്ങളില്‍ ആക്രമത്തിന്റെ ഗതിവേഗം, സര്‍വ്വപുച്ഛം നിറഞ്ഞ നോട്ടം. അടുത്തകാലത്തൊന്നും മലയാള സിനിമയില്‍ ഇങ്ങനെയൊരു പാത്രസൃഷ്ടിയുണ്ടായിട്ടില്ല. ആയാസരഹിതമായ അഭിനയത്തിലൂടെ ഹരീഷ്, തിരക്കഥാകൃത്തിനെയും സംവിധായകനെയും അമ്പരപ്പിച്ചിരിക്കുന്നു.-ബി ജയചന്ദ്രന്‍
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment