Featured Posts
ഫേസ്‍ബുക്ക് സ്വഭാവവും ജോലിയും
ഇന്നത്തെ കാലത്ത് ഒരു കല്യാണാലോചന വന്നാല്‍ ചെറുക്കന്റെ വീട്ടുകാര്‍ ആദ്യം പരിശോധിക്കുക പെണ്ണിന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ആയിരിക്കും. ഇതുപോലെ തന്നെയാണ് ഇപ്പോള്‍ പ്രമുഖ കമ്പനികളിലെ മാനേജര്‍മാരും. തങ്ങള്‍ക്ക് കിട്ടുന്ന ബയോഡാറ്റയിലെ ആളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ വിലയിരുത്തിയ ശേഷം മാത്രമേ ഇന്റര്‍വ്യൂവില്‍ പോലും പങ്കെടുപ്പിക്കുകയുള്ളു. നിങ്ങളുടെ ഓരോ ലൈക്കും, കമന്റും, ഷെയറും നിങ്ങളുടെ താല്‍പര്യങ്ങളും, അഭിരുചികളും, ഇഷ്ടാനിഷ്ടങ്ങളും, സ്വഭാവസവിശേഷതകളും വിളിച്ചു പറയുന്നു. ഒരാള്‍ സമൂഹത്തില്‍ എങ്ങനെ പെരുമാറുന്നു എന്നതിന്റെ തനി പകര്‍പ്പായിരിക്കും അയാളുടെ സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തനങ്ങളും എന്നാണ് പുതിയ ഗവേഷണങ്ങള്‍ വെളിവാക്കുന്നത്. അതിനാല്‍ തന്നെ ഉദ്യോഗാര്‍ത്ഥികളുടെ സ്വഭാവം നിര്‍ണ്ണയിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമായി മാനേജര്‍മാര്‍ കണ്ടത്തിയിരിക്കുന്നതും ഫേസ്ബുക്കിനെ തന്നെ. അതിനാല്‍ നിങ്ങള്‍ ഒരു ഉദ്യോഗാര്‍ത്ഥി ആണെങ്കില്‍ നിങ്ങളുടെ ഫേസ്ബുക്ക് ഉപയോഗത്തില്‍ കൂറച്ച് അടുക്കും ചിട്ടയും, ചില നിയന്ത്രണങ്ങളും കൊണ്ടു വരേണ്ടത് അനിവാര്യമാണ്. അഥവാ ഈ പൊല്ലാപ്പ് ഓര്‍ത്ത് നിങ്ങള്‍ ഫേസ്ബുക്ക് വേണ്ടെന്ന് വെച്ചാലോ, പുതിയ യുഗത്തിനൊപ്പം ഓടിയെത്താന്‍ കഴിയാത്ത ഒരു പഴഞ്ചന്‍ ആയി വിലയിരുത്തുകയും ചെയ്യും.
1. പ്രൊഫൈല്‍ പൂര്‍ണ്ണമാക്കുക : നിങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ കൃത്യമായും പൂര്‍ണ്ണമായും നല്‍കുക. ജനന തിയതി, ഇമെയില്‍ , വെബ്സൈറ്റ് എന്നിവ നല്‍കുക, ബന്ധുക്കളെ ടാഗ് ചെയ്യുക, നിങ്ങളുടെ താല്‍പര്യങ്ങള്‍ (ഹോബികള്‍ , സംഗീതം, സിനിമ തുടങ്ങിയവ) എന്തൊക്കെയെന്ന് രേഖപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് അവശ്യം നിങ്ങളുടെ പ്രൊഫൈല്‍ പൂര്‍ണ്ണമാക്കാന്‍ വേണ്ടത്.
2. ടൈം ലൈന്‍ കൃത്യമായി സൂക്ഷിക്കുക: നിങ്ങള്‍ ഇപ്പോള്‍ എന്തു ചെയ്യുന്നു, അതിന് മുന്‍പ് എന്തു ചെയ്തിരുന്നു തുടങ്ങിയ കാര്യങ്ങളാണ് ടൈം ലൈന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. പഠിച്ച സ്‍കൂള്‍ മുതല്‍ അവസാനം ജോലി ചെയ്ത സ്ഥാപനം വരെ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ഒരു ടൈംലൈന്‍ കണ്ടാല്‍ തന്നെ നിങ്ങള്‍ അടുക്കും ചിട്ടയും ഉള്ളയാളാണെന്ന് ധരിച്ചോളും.
3. വാള്‍ വൃത്തിയായി സൂക്ഷിക്കുക: പലപ്പോഴും നിങ്ങളുടെ വാള്‍മുഴുവനും നിങ്ങളുടെ സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയായിരിക്കും. തങ്ങളുടെ പോസ്റ്റുകള്‍ക്കും ചിത്രങ്ങള്‍ക്കും കൂടുതല്‍ ലൈക്കും ഷെയറും കിട്ടാനായി നിങ്ങളെയും കരുവാക്കിയിട്ടുണ്ടെങ്കില്‍ അതെല്ലാം ഒഴിവാക്കുക. നിങ്ങളുടെ വാള്‍ നിങ്ങളുടേതായി സൂക്ഷിക്കുക.
4. പ്രകോപനപരമായ അഭിപ്രായപ്രകടനം ഒഴിവാക്കുക: മതപരവും, രാഷ്ട്രീയവും, സാമൂഹികവുമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് പല തരത്തിലുള്ള അഭിപ്രായങ്ങള്‍ ഉണ്ടാകും, ഉണ്ടാകണം. ഇതെല്ലാം പ്രകടിപ്പിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള ഏറ്റവും നല്ല വേദി ഫേസ്ബുക്ക് തന്നെയുമാണ്, അതിലും സംശയമില്ല. പക്ഷെ നിങ്ങളെ വിലയിരുത്തുന്നയാള്‍ക്ക് ഇതെല്ലാം ഇഷ്ടപ്പെടുമെന്ന് ഉറപ്പു പറയാന്‍ ദൈവത്തിനു പോലുമാകില്ല. അതിനാല്‍ ജോലി ലഭിക്കുന്ന വരെയെങ്കിലും ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ മനോരമക്കെതിരായ എല്ലാ പോസ്റ്റും ഷെയര്‍ ചെയ്തയാള്‍ മനോരമയിലേക്ക് തന്നെ ജോലിക്ക് അപേക്ഷിക്കുന്ന പോലിരിക്കും കാര്യങ്ങള്‍ .
5. അനാവശ്യ ടാഗുകള്‍ നീക്കുക: ഒരു ഫോട്ടോ അപ്‍ലോഡ് ചെയ്തിട്ട് ലോകത്തുള്ള മുഴുവന്‍ ആളുകളെയും ടാഗ് ചെയ്യുന്നത് ചിലരുടെ ഒരു ഹോബിയാണ്. ചിലരുടെ പ്രൊഫൈല്‍ നോക്കിയാല്‍ അവരുടെ ചിത്രത്തേക്കാള്‍ കൂടുതല്‍ മറ്റുള്ളവരുടെ ചിത്രങ്ങളായിരിക്കും. അത്തരം ചിത്രങ്ങള്‍ നീക്കുക, കൂടാതെ പ്രകോപനപരമായ മറ്റ് എന്തെങ്കിലും ചിത്രങ്ങളില്‍ നിങ്ങളെ ടാഗ് ചെയ്തിട്ടുണ്ടെങ്കില്‍ അതും നീക്കം ചെയ്യുക.
6. ലൈംഗികത കഴിവതും ഒഴിവാക്കുക: നിങ്ങളുടെ പേജ് ലൈക്കുകള്‍ , ഗ്രൂപ്പ് മെമ്പര്‍ഷിപ്പുകള്‍ എന്നിവ എല്ലാവര്‍ക്കും ദൃശ്യമാണെന്ന് മറക്കരുത്. സെക്സ് സംബന്ധമായ ഗ്രൂപ്പ് മെമ്പര്‍ഷിപ്പുകളും, പേജ് ലൈക്കുകളും നിങ്ങളെക്കുറിച്ച് മോശമായ പ്രതിഛായ സൃഷ്ടിക്കും.(കമ്പനി മാനേജരുടെ ഭാഷയില്‍ നിങ്ങളുടെ തനി സ്വഭാവം വെളിപ്പെടും). അത്തരക്കാര്‍ കമ്പനിയുടെ മൊത്തം അന്തരീക്ഷം മോശമാക്കുമെന്നതിനാല്‍ മാനേജര്‍മാര്‍ ഈ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കും.
No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment