| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

ലോകത്തെ ഏറ്റവും കനം കുറഞ്ഞ ഫോണ്‍

No comments
ആപ്പിള്‍ സാംസങ് തുടങ്ങിയ ടെക്നോളജി രംഗത്തെ വമ്പന്‍മാരെ കടത്തി വെട്ടി ലോകത്തെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത് ചൈനീസ് നിര്‍മ്മാതാക്കളായ വാവേ(Huawei) ആണ്. മാത്രമല്ല, ലോകത്തെ ഏറ്റവും കൂടിയ മുന്‍ ക്യാമറയുള്ളതും ഇതിലാണ്. നിലവില്‍ ലോകത്തെ നാലാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളാണ് വാവേ.
വാവൈയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ അസന്റ് പി6 (Ascent P6) ന് 6.18 മില്ലിമീറ്റര്‍ മാത്രമാണ് കനം. ആപ്പിള്‍ ഐഫോണ്‍ 5നു പോലും 7.6 മില്ലിമീറ്റര്‍ ആണ് കനം എന്നോര്‍ക്കണം. സാംസങ് ഗാലക്സി എസ് 4 ആകട്ടെ 7.9 മില്ലിമീറ്റര്‍ ആണ്. അതിനാലാണ് വാവേയുടെ ഈ മോഡല്‍ ഏറെ ശ്രദ്ധേയമാകുന്നത്. ജൂണ്‍ 18 എന്ന ദിവസം തന്നെ കമ്പനി ഇത് അവതരിപ്പിക്കാനായി തിരഞ്ഞെടുത്തത് 6-18-2013 എന്ന തിയതിക്ക് ഫോണിന്റെ കനമായ 6.18 നോടുള്ള സാദൃശ്യം കൊണ്ടാണ്. 4.7 ഇഞ്ചാണ് ഇതിന്റെ സ്‍ക്രീന്‍ വലിപ്പം. ഇത് ഐഫോണിനെക്കാള്‍ ഏറെ വലുതും എന്നാല്‍ ഗാലക്സി എസ്4 നെ അപേക്ഷിച്ച് അല്‍പം ചെറുതുമാണ്. 1280×720 പിക്സല്‍ റെസലൂഷനുള്ള ഇതിന് 312ppi ആണ് പിക്സല്‍ ഡെന്‍സിറ്റി.
ascent-p6-2

1.5 Ghz ന്റെ ക്വാഡ് കോര്‍ പ്രോസസ്സര്‍ ഗാലക്സി എസ്4 ന്റെ ഒക്ടാ കോറിനേക്കാള്‍ പെര്‍ഫോമന്‍സില്‍ പുറകിലാണ്. 2GB റാമും 8GB ഇന്റേണല്‍ മെമ്മറിയുമാണുള്ളത്. 32 GB വരെ മെമ്മറി കാര്‍ഡ് പിന്തുണയുണ്ട്. ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീനാണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. സാംസങ്ങിന്റെ ടച്ച്‍വിസ്സ് യൂസര്‍ ഇന്റര്‍ഫേസിന് സമാനമായി വാവേയുടെ ഇമോഷണല്‍ യൂസര്‍ ഇന്റര്‍ഫേസാണ് ഇതിലുള്ളത്.
സാംസങ്ങിന്റെ 13 മെഗാപിക്സലിനെതിരായി 8 മെഗാപിക്സല്‍ മാത്രമാണ് അസന്റ് പി6 ലുള്ളത്. എന്നാല്‍ സെല്‍ഫ് പോര്‍ട്രെയിറ്റ്, വീഡിയോ കാളിങ്ങ് എന്നിവയ്ക്കായി 5 മെഗാപിക്സലിന്റെ മുന്‍ ക്യാമറയുണ്ട്. വിപണിയില്‍ മറ്റൊരു മോഡലിനും ഇത്ര റെസലൂഷനുള്ള മുന്‍ക്യാമറയില്ല.
ഡ്യുവല്‍ സിം സപ്പോര്‍ട്ട് ആണ് എതിരാളികളെ അപേക്ഷിച്ച് ഇതിന്റെ ഒരു മേന്മ. 3ജി കണക്ടിവിറ്റി കൂടാതെ വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവയുമുണ്ട്. എന്നാല്‍ NFC ഇല്ല. 120 ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. ഗാലക്സി എസ്4 130 ഗ്രാം ഭാരമുണ്ട്. 2000 mAh ബാറ്ററി പക്ഷേ ഗാലക്സി എസ്4 നേക്കാള്‍ പുറകിലാണ്. 2600 mAh ആണ് ഗാലക്സി എസ്4 ല്‍. ബാറ്ററി പെര്‍ഫോമന്‍സ് വര്‍ദ്ധിപ്പിക്കാനായി ബാറ്ററി ബൂസ്റ്റിങ്ങ് ടെക്നോളജി അസന്റ് പി6 ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് എത്രത്തോളം ഫലപ്രദമാണെന്ന വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ascent-p6-3
യൂറോപ്യന്‍ രാജ്യങ്ങളിലെ കണക്കനുസരിച്ച് 35,000 രൂപയാണ് ഇതിന്റെ വിപണി വില. ഈ വിലനിലവാരത്തില്‍ മത്സരിക്കുന്ന സോണി എക്സപീരിയ ഇസ്ഡ്, എച്ച്ടിസി വണ്‍, എല്‍ജി ഒപ്റ്റിമസ് ജി അടക്കമുള്ള മോഡലുകള്‍ക്ക് ശക്തമായ ഭീഷണി ഉയര്‍ത്താന്‍ വാവേക്ക് സാധിക്കും.

2015 ഓടെ സ്മാര്‍ട്ട്ഫോണ്‍-ടാബ്‍ലെറ്റ് വില്‍പനയില്‍ ഒന്നാം സ്ഥാനത്ത് എത്തുകയെന്ന വാവേയുടെ സ്വപ്നം നടക്കുമോ ഇല്ലയോ എന്ന് കണ്ടറിയണം. സാങ്കേതിക വിദ്യ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് വാവേയുടെ ഈ റെക്കോഡ് എത്രനാള്‍ നിലനില്‍ക്കുമെന്നതും കണ്ടറിയേണ്ടതു തന്നെയാണ്. ഒപ്പം ആരാണ് അത് തകര്‍ക്കാന്‍ പോകുന്നതെന്നും.

No comments :

Post a Comment