Featured Posts
അവാര്‍ഡ്തിളക്കവുമായി തിയേറ്ററുകളിലേക്ക്
സിദ്ധാര്‍ഥ് ശിവ എന്ന മൊട്ടത്തലയന്‍ നടന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. തേജാഭായ് ആന്‍ഡ് ഫാമിലി, ഇവര്‍ വിവാഹിതരായാല്‍, പുതിയ തീരങ്ങള്‍, അയാളും ഞാനും തമ്മില്‍ തുടങ്ങി നിരവധി സിനിമകളിലും 'മറിമായം' സീരിയലിലും സിദ്ധാര്‍ഥിന്റെ അഭിനയവത്തികവ് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞതുമാണ്. സിദ്ധാര്‍ഥിന്റെ സംവിധായകമികവറിയാന്‍ അവസരമൊരുക്കുകയാണ് വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ '101 ചോദ്യങ്ങള്‍'. മികച്ച നവാഗതസംവിധായകനുള്ള ദേശീയ അവാര്‍ഡ് തനിക്ക് നേടിത്തന്ന ചിത്രം അല്പം വൈകിയെങ്കിലും തിയേറ്ററുകളിലെത്തിച്ചതിന്റെ സന്തോഷത്തിലാണ് സിദ്ധാര്‍ഥ്.
കൂട്ടുകാര്‍ പകര്‍ന്നുതന്ന ധൈര്യവും ആത്മവിശ്വാസവും മാത്രം കൈമുതലാക്കിയാണ് '101 ചോദ്യങ്ങള്‍' ഒരുക്കാന്‍ തീരുമാനിച്ചതെന്ന് സിദ്ധാര്‍ഥ് പറയുന്നു. മനസില്‍ കുറേക്കാലമായി ഉണ്ടായിരുന്നൊരു കഥ പറഞ്ഞപ്പോള്‍ നമുക്കിത് ചെയ്യാമെന്ന് ഇന്ദ്രജിത്ത് വാക്ക് തന്നതോടെയാണ് ഈ ചിത്രത്തിന്റെ പിറവി. മുരുകന്‍, ലെന, സുധീഷ്, നിഷാന്ത് സാഗര്‍ , മിനോന്‍, രചന എന്നിവര്‍ മറ്റുവേഷങ്ങളില്‍ അഭിനയിച്ചു. തോമസ് കോട്ടയ്ക്കകം എന്ന സുഹൃത്ത് നിര്‍മ്മാണച്ചുമതല ഏറ്റെടുത്തു. പലയിടത്തുനിന്നും സമാഹരിച്ച പണം കൊണ്ട് സിനിമ പൂര്‍ത്തിയാക്കി. ഡിസംബറില്‍ നിര്‍മാണജോലികളെല്ലാം കഴിഞ്ഞെങ്കിലും ഇപ്പോഴാണ് തിയേറ്ററുകളിലെത്തുന്നത്. സ്‌കൂളിലെ അധ്യാപകന്‍ തയ്യാറാക്കുന്ന '101 ചോദ്യങ്ങള്‍' എന്ന പുസ്തകത്തിലേക്ക് ചോദ്യങ്ങള്‍ കണ്ടെത്തുന്ന അനില്‍കുമാര്‍ ബൊക്കാറൊ എന്ന കുട്ടിയുടെ കഥയാണീ സിനിമ. അറുപതെണ്ണമാകുമ്പോഴക്കും അനില്‍കുമാറിന്റെ ചോദ്യങ്ങള്‍ തീര്‍ന്നുപോകുന്നു. ഒടുവില്‍ സ്വന്തം ജീവിതത്തില്‍ നിന്നുതന്നെ ചോദ്യങ്ങള്‍ കണ്ടെത്താന്‍ അവന്‍ ശ്രമിക്കുകയാണ്. ''ന്യൂജനറേഷന്‍ ബഹളങ്ങള്‍ക്കിടയിലും നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകരില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. കുടുംബസമേതം കാണാവുന്നൊരു കൊച്ചുചിത്രം, മറ്റ് അവകാശവാദങ്ങള്‍ക്കൊന്നും മുതിരുന്നില്ല''- 101 ചോദ്യങ്ങളെക്കുറിച്ചുള്ള സിദ്ധാര്‍ഥിന്റെ നിലപാടിതാണ്.
No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment