Featured Posts
കുത്താമ്പുള്ളിയിലെ ശൃംഗാരവേലന്‍
കുത്താമ്പുള്ളിയിലെ വീടുകളില്‍ നിന്ന് ഉയരുന്നത് ഒരേ സംഗീതമാണ്. നെയ്ത്തുയന്ത്രങ്ങളുടെ ടക് ടക് താളം. തിരുവില്വാമലയിലെ കുത്താമ്പുള്ളി എന്ന നെയ്ത്തുഗ്രാമത്തില്‍ നിന്നാണ് കണ്ണന്റെ കഥ തുടങ്ങുന്നത്. ഒരു കല്യാണസാരിയെ കേന്ദ്രീകരിച്ച് നര്‍മത്തിന്റെ അകമ്പടിയോടെ ഹൃദ്യമായ ഒരു പ്രണയകഥ പറയുകയാണ് ദിലീപ് നായകനാകുന്ന ജോസ് തോമസ് ചിത്രം 'ശൃംഗാരവേലന്‍.'
കുത്താമ്പുള്ളിക്കു മേല്‍ മഴമേഘങ്ങള്‍ ഒട്ടൊന്നു മാറിനിന്ന നേരം. ഭാരതപ്പുഴയുടെ തീരത്തെ ഓഡിറ്റോറിയവും പരിസരവും അടുത്ത ഷോട്ടിനു തയ്യാറെടുത്തു. കലങ്ങി മറിഞ്ഞൊഴുകുകയാണ് ഭാരതപ്പുഴ. പുഴയിലേക്കുള്ള പടിക്കെട്ടിലാണ് അടുത്ത സീന്‍ ചിത്രീകരിക്കുന്നത്. മുടി പിന്നിലേക്കു വളര്‍ത്തി മുണ്ട് മടക്കിക്കുത്തി 'തരികിട' ലുക്കുമായി യേശുവാണ് ആദ്യമെത്തിയത്. തൊട്ടുപിന്നാലെ വാസു.
'ദൈവമേ വെള്ളം ഇവിടെ വരെ കയറിയോ?' പടിക്കെട്ടിനു മുകളില്‍ നിന്ന് ഒരു പരിചിത ശബ്ദം. തിരിഞ്ഞു നോക്കിയപ്പോള്‍ ആളെ കണ്ടില്ല. കാഴ്ച മറച്ച് മുന്‍പില്‍ നിന്നയാള്‍ അരികിലേക്കു മാറിയപ്പോള്‍ കണ്ടു കണ്ണന്‍ - കഥാനായകന്‍ പടികളിറങ്ങി വരുന്നു.
കണ്ണനായി ദിലീപും യേശുവായി ലാലും വാസുവായി കലാഭവന്‍ ഷാജോണും എത്തുന്നു. കാഷായവസ്ത്രധാരിയായി ഭസ്മക്കുറിയൊക്കെത്തൊട്ട് ഗീഥാസലാമും രംഗത്തുണ്ട്.
ക്യാമറയ്ക്കു മുന്നില്‍ എന്തോ ഗൂഢാലോചനയിലാണ് നാല്‍വര്‍സംഘം. ഇടയ്ക്കു കൂടെയുള്ളവരുടെ മണ്ടത്തരങ്ങള്‍ക്കെതിരെ ചീത്തവിളിക്കുന്നുമുണ്ട്. ചര്‍ച്ച ചെയ്ത് പരസ്പരം ഒരു ധാരണയിലെത്തി.
''മുത്തേ ഞാനെത്തിയെടാ...'' ബാബുരാജാണ്. ''നീയെത്തിയോ ചക്കരേ'' എന്നു വിളിച്ച് ദിലീപും കൂടി. സൗഹൃദത്തിന്റെ നിമിഷങ്ങള്‍. ചിത്രത്തില്‍ ശ്രീരാമന്‍ എന്ന കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിക്കുന്നത്.
'മായാമോഹിനി'ക്കു ശേഷം ജോസ് തോമസും ദിലീപും ഒന്നിക്കുന്ന ചിത്രത്തിലെ നായിക വേദികയാണ്. നെടുമുടി വേണു, ബാബുനമ്പൂതിരി, ജോയ് മാത്യു, അംബികാമോഹന്‍, ഹിന്ദിതാരം രാഹുല്‍ യാദവ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ഉദയ്കൃഷ്ണ-സിബി കെ. തോമസ് ടീം തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജിയാണ്. ആര്‍.ജെ. ക്രിയേഷന്‍സിന്റെ ബാനറില്‍ ജയ്‌സണ്‍ ഇളങ്കുളമാണ് ചിത്രം നിര്‍മിക്കുന്നത്. ഗാനരചന: റഫീഖ് അഹമ്മദ്. സംഗീതം: ബേണി ഇഗേ്‌നഷ്യസ്. എഡിറ്റിങ്: ജോണ്‍കുട്ടി. കലാസംവിധാനം: ഗിരീഷ് മേനോന്‍. വസ്ത്രാലങ്കാരം: എസ്.ബി. സതീശന്‍. മേക്കപ്പ്: സുദേവന്‍. അസോസിയേറ്റ് ഡയറക്ടര്‍: സുരേഷ് ദിവാകര്‍, അജയ് വാസുദേവ്, കെ.വി.കൃഷ്ണകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍.
ശേഷം ഭാഗങ്ങളുടെ ചിത്രീകരണം പഴനിയില്‍ നടക്കും. ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment