| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

മഞ്ഞില്‍ വിരിഞ്ഞ സ്വപ്നം

No comments


വേനല്‍ക്കാല സ്വപ്‌നങ്ങളില്‍ കുളിരായ് പെയ്തിറങ്ങുന്ന കോടൈക്കനാലിനെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍.


കൊടൈക്കനാല്‍-ആ പേര് കേള്‍ക്കുമ്പോള്‍തന്നെ മനസ്സില്‍ മഞ്ഞ് വീഴാന്‍ തുടങ്ങും.

തനിമ ചോരാതെ കൊടൈക്കനാലിന്റെ കുളിര്‍മ ഓരോ ഫ്രെയ്മിലും പകര്‍ത്തിയ, 'മഞ്ഞില്‍വിരിഞ്ഞ പൂക്കളും' 'ജനവരി ഒരു ഓര്‍മ'യുമാണ് ആ കുന്നിന്‍മുകളിലേക്ക് എന്നെ അടുപ്പിച്ചത്.

സിനിമയില്‍ വന്നപ്പോള്‍ ആ പശ്ചാത്തലഭംഗിയില്‍ കുളിച്ച ഒരു സിനിമ ഞാന്‍ സ്വപ്‌നം കണ്ടിരുന്നു. 'മഴവില്ല്' എന്ന ചിത്രത്തിന്റെ ഗാനചിത്രീകരണത്തിനുവേണ്ടിയാണ് ഞാന്‍ ആദ്യമായി സിനിമയ്ക്കുവേണ്ടി ഇവിടെ എത്തിയത്. അടുത്തിടെ 'റോമന്‍സ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി 40 ദിവസം കൊടൈക്കനാലില്‍ താമസിച്ചു.



കേരളത്തില്‍ വെയില്‍ പൂക്കുമ്പോള്‍ ഇടയ്ക്ക് ഞാന്‍ കൊടൈക്കനാലിലേക്ക് ചേക്കാറുണ്ട്. ആലപ്പുഴയില്‍നിന്ന് ഇങ്ങോട്ട് 350 കിലോമീറ്ററുണ്ട്. പൊള്ളാച്ചി, പഴനി വഴിയാണ് ഞങ്ങളുടെ കയറ്റം. രാവിലെ ആലപ്പുഴയില്‍നിന്ന് പുറപ്പെട്ടാല്‍ ഉച്ചയോടെ പൊള്ളാച്ചിയല്‍ എത്തും. പൊള്ളാച്ചിയില്‍ നാടന്‍കോഴികൊണ്ടുള്ള ബിരിയാണി കിട്ടുന്ന കടയുണ്ട്. 'ഗിണ്ടിഗല്‍ വേണൂസ് ബിരിയാണി'. ആവി പറക്കുന്ന ബിരിയാണിയും കഴിച്ച് ഒരു കയറ്റമാണ്. എന്റെ ഓഡിക്കുട്ടന് മലകയറ്റം ഒരു ഹരമാണ്. വളഞ്ഞും പുളഞ്ഞും കയറുന്ന ചുരംറോഡില്‍ അള്ളിപ്പിടിച്ചുകൊണ്ട് അവന്‍ കുതിക്കും. ഇടയ്ക്ക് വീതിയുള്ള ചുരത്തില്‍ വണ്ടി നിര്‍ത്തി പുറത്തിറങ്ങിനില്‍ക്കും. പ്രിയയ്ക്ക് പേടിയാണ്. കാടിനുള്ളില്‍നിന്ന് വല്ല മൃഗങ്ങളും വന്നാലോ? ആ തണുപ്പില്‍ ആവിപറക്കുന്ന ഒരു ബ്ലാക് ടീ കിട്ടിയിരുന്നെങ്കില്‍ എന്നൊക്കെ തോന്നും.
കാടും കടലും ഒരുപോലെയാണ്; കണ്ടാലും കണ്ടാലും മതിവരില്ല. ഓരോ യാത്രയിലും അതിന്റെ മുഖങ്ങള്‍ മാറിമാറിവരും. കാറിലെ ഏ.സി. ഓഫ് ചെയ്ത്, ഗ്ലാസ് താഴ്ത്തി കാടിന്റെ മണവും തണുപ്പും അറിഞ്ഞ് ഡ്രൈവ് ചെയ്യണം.

ജോണ്‍ ബോര്‍മാന്റെ 'എമറാള്‍ഡ് ഫോറസ്റ്റി'ലും ജോണ്‍ ഫോര്‍ഡിന്റെ 'ദി സെര്‍ച്ചസി'ലും നമ്മള്‍ കണ്ട് വിസ്മയിച്ച കാടിന്റെ വന്യതയെ വെല്ലുന്ന ലൊക്കേഷന്‍...



കൊടൈക്കനാലില്‍, ഭൂമിയിലെ സ്വര്‍ഗം എന്നു വിശേഷിപ്പിക്കാന്‍ കഴിയുന്ന നിരവധി റിസോര്‍ട്ടുകള്‍ ഉണ്ട്. പക്ഷേ, ഇവിടെ താമസിക്കാന്‍ ഞാന്‍ തിരഞ്ഞെടുക്കാറുള്ളത് ഹോം സ്‌റ്റേകള്‍ ആണ്. വില്ല റിട്രീറ്റിന്റെ ഹോംസ്‌റ്റേകളിലാണ് ഞാന്‍ താമസിക്കാറുള്ളത്. അതിന് മറ്റൊരു രഹസ്യമുണ്ട്. ഈ ഹോംസ്‌റ്റേയില്‍ അറുപത് വയസ്സുകഴിഞ്ഞ ആലീസ് എന്നൊരു കുക്കുണ്ട്. പണ്ട് വിദേശികളുടെ കൂടെ റെഡ് ക്രോസ് ട്രീമിനൊപ്പം വര്‍ക്ക് ചെയ്ത കക്ഷിയാണ്. ഗാര്‍ലിക് ചിക്കന്‍, ആലുപൊറോട്ട, ഫ്രൈഡ്‌റൈസ്, ബര്‍ഗര്‍ തുടങ്ങി സ്വദേശീയവും വിദേശീയവുമായ ഏതുതരം ഭക്ഷണവും ഏത് സമയത്തും ആലീസ്‌ചേച്ചി ഉണ്ടാക്കിത്തരും. അതിന്റെ രുചിയും ഏറെ വിശേഷം!
എന്നും രാത്രി ഞങ്ങള്‍ പുറത്തിറങ്ങും. കൊക്കേഴ്‌സ് വാക്കിനടുത്തുള്ള സെവന്റ് ക്രോസ് ജങ്ഷനില്‍ ഒരു കാപ്പിക്കടയുണ്ട്. അവിടെസ്‌പെഷ്യല്‍ ഹോം മെയ്ഡ് കേക്കുണ്ട്. അവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക് വലിയൊരു പീസ് കേക്ക് അവര്‍ ഫ്രീയായി കൊടുക്കും. കാപ്പിയും കേക്കും കഴിക്കാന്‍ അവിടെ എപ്പോഴും വലിയ ക്യൂവാണ്.

'ലേക്ക്' കാണുമ്പോള്‍ നൊസ്റ്റാള്‍ജിയ വരും. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ടൂറിനു വന്നപ്പോള്‍ ലേക്കിലേക്ക് ചരിഞ്ഞുനില്‍ക്കുന്ന മരത്തില്‍ ഞാനെന്റെ പേര് കൊത്തിവെച്ചിരുന്നു. ഇന്ന് അത് വളര്‍ന്നു വലുതായി.



റോമന്‍സിന്റെ ചിത്രീകരണ കാലത്ത് എന്നും വൈകുന്നേരങ്ങളില്‍ ഞാനും പ്രിയയും ബിജുമേനോനും സംവിധായകന്‍ ബോബനും ലേക്കിനടുത്ത് ക്യാമ്പ് ചെയ്യും. ആ ക്യാമ്പ് ചിലപ്പോള്‍ രാത്രി 12 മണിവരെ നീളും. തണുപ്പ് സഹിക്കാതായാല്‍ പ്രിയ കാറില്‍ കയറിയിരിക്കും. ഞാന്‍ കൂട്ടുകാര്‍ക്കൊപ്പം പിടിച്ചുനില്‍ക്കും. ചാക്കോച്ചന് കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണെന്നാണ് പ്രിയയുടെ കമന്റ്.
ഒരിക്കല്‍ കണ്ടാല്‍ വീണ്ടും വീണ്ടും കാണാന്‍ തോന്നുന്ന ശാലീനസുന്ദരിയാണ് കൊടൈക്കനാല്‍.

കൊച്ചിയിലെ ചുട്ടുപൊള്ളുന്ന ചൂടില്‍ ഞാന്‍ ചിലപ്പോള്‍ കണ്ണടച്ചിരിക്കും. മനസ്സിലേക്ക് കൊടൈ മലനിരകളും കൊക്കേഴ്‌സ് വാക്കും ലേക്ക് വ്യൂവും സില്‍വര്‍ കാസ്‌ക്കേഡും , പൈന്‍ ഫോറസ്റ്റും കൊണ്ടുവരും... പിന്നെ തണുപ്പാണ്, കോടപുതച്ചെത്തുന്ന കൊടുംതണുപ്പ്...

(യാത്ര മാസിക ഏപ്രില്‍ 2013)

No comments :

Post a Comment