| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

രണ്ടാമത്തെ ചുവട്‌: മഞ്ജു

No comments


ഹൃദയം തുറന്നെഴുതിയ ഫേസ് ബുക്ക് പോസ്റ്റില്‍ മഞ്ജുവാര്യര്‍ കുറിച്ചു:'ഒരു സിനിമയുടെ വിജയം ജീവിത വിജയത്തിന്റെ അളവുകോല്‍ അല്ല എന്ന് മറ്റാരെക്കാളും നന്നായി എനിക്കറിയാം..' മടങ്ങിവരവിലെ ആദ്യചിത്രം നൂറാംദിവസത്തിലേക്കെത്തുമ്പോള്‍ അടുത്തതെന്ത് എന്ന ചോദ്യത്തിന് അതുകൊണ്ടുതന്നെ മൗനമായിരുന്നു മഞ്ജുവിന്റെ ഉത്തരം. രണ്ടാമത്തെ ചുവട് പിഴയ്ക്കരുതെന്ന് ദൃഢനിശ്ചയമുള്ളതുപോലെ. വിജയത്തുടര്‍ച്ചയ്ക്കുവേണ്ടിയുള്ള കൃത്യമായ മുന്‍കരുതല്‍.

ഒടുവില്‍ മഞ്ജുവിന്റെ രണ്ടാമൂഴത്തിലെ രണ്ടാമത്തെ സിനിമയെക്കുറിച്ചുള്ള സന്ദേഹങ്ങള്‍ അവസാനിക്കുന്നു. മോഹന്‍ലാല്‍ എന്ന വിസ്മയത്തിനൊപ്പം വീണ്ടും മഞ്ജുവിനെ പ്രേക്ഷകര്‍ കാണും. സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍,രഞ്ജന്‍പ്രമോദിന്റെ തിരക്കഥയില്‍. പതിനാറുവര്‍ഷത്തെ ഇടവേളയെ നിരുപമ രാജീവ് എന്ന ഒറ്റകഥാപാത്രം കൊണ്ടുമറികടന്ന മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറിനെത്തേടി പത്തോളം പ്രോജക്ടുകളാണ് കാത്തുനിന്നത്. ഇതില്‍നിന്ന് മോഹന്‍ലാല്‍-സത്യന്‍അന്തിക്കാട് കൂട്ടുകെട്ടിന്റെ സിനിമ മഞ്ജു തിരഞ്ഞെടുക്കുകയായിരുന്നു. 

മഞ്ജുവിന്റെ മടങ്ങിവരവ് സമാനതകളില്ലാത്ത വിജയമായതോടെ അടുത്ത സിനിമയെക്കുറിച്ച് ധാരാളം കഥകള്‍ പരന്നിരുന്നു. ജോയ് മാത്യു തിരക്കഥയെഴുതി അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും അതെന്നായിരുന്നു ആദ്യത്തെ വാര്‍ത്ത. പിന്നീട് ജോഷിയുടെ 'ലൈല ഓ ലൈല'യായി. ബാലചന്ദ്രമേനോന്‍,ടി.കെ.രാജീവ്കുമാര്‍ തുടങ്ങിയവരുടെ സിനിമകളും പറഞ്ഞുകേട്ടു. ടൂണ്‍സ് ആനിമേഷന്‍ ആദ്യമായി നിര്‍മിക്കുന്ന സിനിമയെന്നതായിരുന്നു മറ്റൊരു പ്രചാരണം. 

അഭ്യൂഹങ്ങളല്ലാതെ ഈ പ്രോജക്ടുകളൊന്നും നടക്കാത്തതില്‍ ഫേസ്ബുക്കിലൂടെയും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലൂടെയും ധാരാളം വിമര്‍ശനങ്ങളും കളിയാക്കലുകളും മഞ്ജു നേരിട്ടു. പക്ഷേ അപ്പോഴും സ്വതസിദ്ധമായ മൗനമായിരുന്നു മറുപടി. എന്തുവേണമെങ്കിലും പറഞ്ഞുകൊള്ളൂ എന്ന രീതിയിലുള്ള നിസ്സംഗത. പക്ഷേ അതിനുള്ളില്‍ എല്ലാത്തിനുമുള്ള ഉത്തരങ്ങള്‍ മഞ്ജു ഒളിപ്പിച്ചുവച്ചിട്ടുമുണ്ടായിരുന്നു.
വര്‍ഷങ്ങള്‍ക്കുമുമ്പൊരു പുലര്‍ച്ചെ മാഞ്ഞുപോയ നക്ഷത്രത്തിന്റെ പ്രതിച്ഛായയല്ല മടങ്ങിവന്ന മഞ്ജുവാര്യര്‍ക്കുള്ളത്. കണിശമായ കണക്കുകൂട്ടലുണ്ട് മുന്നോട്ടുള്ള ഓരോ നീക്കത്തിനുപിന്നിലും. മടങ്ങിവരവിനെക്കുറിച്ച് വിമര്‍ശനങ്ങളുണ്ടായപ്പോഴും മഞ്ജു ഉത്തരം പറഞ്ഞത് ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെയായിരുന്നു. അപാരമായ അഭിനയമുഹൂര്‍ത്തങ്ങളുടെ ഇന്നലകളെ മലയാളിക്ക് മടക്കിക്കൊടുത്ത മഞ്ജുവിന്റെ ഒറ്റയാന്‍ പ്രകടനത്തിന്മേലാണ് ചിത്രം മെഗാഹിറ്റിലേക്ക് കുതിച്ചത്. 

മഞ്ജു സംസാരിക്കാനുദ്ദേശിക്കുന്നത് വ്യക്തമായ ധാരണകളോടെ തിരഞ്ഞെടുക്കുന്ന സിനിമകളിലൂടെയാണ്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് രണ്ടാംചിത്രം. മഞ്ജുവാര്യര്‍ സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയ്‌ക്കൊപ്പം ചേരുമ്പോള്‍ മലയാളിപ്രേക്ഷകര്‍ക്ക് അത് മറ്റെന്തിനേക്കാള്‍ പ്രിയതരമായ കാഴ്ചയാകും. അതുതന്നെയാണ് മഞ്ജുവിനെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിച്ചതും.

വിമര്‍ശനങ്ങളെന്തൊക്കെയായാലും മഞ്ജുവാര്യരെത്തേടി സംവിധായകരുടെ നീണ്ടനിരയാണ് കാത്തുനില്ക്കുന്നത്. ആഷിഖ് അബു പുതിയ ചിത്രത്തിനായി മഞ്ജുവിനെ സമീപിച്ചുകഴിഞ്ഞു. തെന്നിന്ത്യയിലെ ഒരു മെഗാസ്റ്റാര്‍ ആദ്യമായി മലയാളത്തിലെത്തുന്ന സിനിമയിലെ നായികയും മറ്റാരുമല്ല. മലയാളസാഹിത്യത്തിലെ അറിയപ്പെടാത്ത ഒരു നായികയായും വരുംനാളുകളില്‍ മഞ്ജുവിനെ കാണാം. ലോകശ്രദ്ധയാകര്‍ഷിക്കുന്ന നൃത്തശില്പമാണ് മറ്റൊരു പ്രോജക്ട്.

സമ്മര്‍ ഇന്‍ ബത്‌ലഹേമാണ് മഞ്ജുവും മോഹന്‍ലാലും ഒരുമിച്ച അവസാനചിത്രം. ആറാംതമ്പുരാന്‍,കന്മദം എന്നീ സിനിമകളിലും ഇരുവരുടെയും അഭിനയക്കരുത്തിന്റെ മാറ്റുരയ്ക്കല്‍ കണ്ടു. സത്യന്‍അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങളിലേക്ക് വിളിയെത്തിയപ്പോഴാണ് മഞ്ജുവിന്റെ വിവാഹം പെട്ടെന്നുണ്ടായത്. ലാല്‍-മഞ്ജു-സത്യന്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രമൊരുങ്ങുന്നതോടെ ചില വീണ്ടെടുപ്പുകള്‍ക്ക് കൂടിയാണ് സ്‌ക്രീനൊരുങ്ങുന്നത്. 

 കടപാട് : ശരത് കൃഷ്ണ

No comments :

Post a Comment