| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

സൗഹൃദക്കഥയുമായി പിക്കറ്റ്-43

No comments
പൃഥ്വിരാജ് പട്ടാളക്കാരനാവുന്നു. മേജര്‍ രവി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പിക്കറ്റ് - 43' എന്ന ചിത്രത്തിലാണ് പൃഥ്വിരാജിന്റെ പുത്തന്‍ വേഷപ്പകര്‍ച്ച.


''ഇതൊരു പട്ടാളക്കഥയോ യുദ്ധ ചിത്രമോ അല്ല. പട്ടാളക്കാരന്റെ ഹൃദയതുടിപ്പാണ്. രണ്ട് രാജ്യങ്ങളുടെ അതിര്‍ത്തി കാക്കാന്‍ വിധിക്കപ്പെട്ട രണ്ട് പട്ടാളക്കാരുടെ സൗഹൃദത്തിന്റെ കഥയാണ്. ഇവിടെ യുദ്ധവും യുദ്ധഭീഷണിയും അവസാനിക്കുന്നു. നഷ്ടപ്പെട്ടുപോയ സ്‌നേഹത്തെ തിരിച്ചറിയുകയാണ് പഠിച്ച പാഠങ്ങളിലൂടെ...'' സംവിധായകന്‍ മേജര്‍ രവി പറഞ്ഞു.

22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിനുശേഷം ഫിലിം ബ്രുവറി എന്റര്‍ടൈയ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഒ.ജി. സുനില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ജാവേദ് ജെഫ്രി, രണ്‍ജി പണിക്കര്‍, മേഘനാഥന്‍, അനുമോഹന്‍, സുധീര്‍ കരമന, മദന്‍മോഹന്‍, ഹരീഷ് പേരടി, പുതുമുഖ നായിക അനുഷ, ശോഭാ മോഹന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കാശ്മീര്‍ അതിര്‍ത്തിയിലുള്ള സോഫിയാനിലാണ് തുടക്കമിട്ടത്. 

ഒരു സാധാരണ പട്ടാളക്കാരനായ ഹരീന്ദ്രന്‍ നായര്‍ക്ക് ഇനി ഡ്യൂട്ടി കാശ്മീരിലെ ഏറ്റവും സംഘര്‍ഷഭരിതമായ പാകിസ്താന്‍-ഇന്ത്യന്‍ അതിര്‍ത്തിയിലാണ്. ഇനി എട്ടുമാസം അവിടെ തന്നെയാണെന്നറിഞ്ഞപ്പോള്‍ മനസ്സില്‍ ഭയവും ആശങ്കയും മറ്റു വിചാരങ്ങളുമെല്ലാം കുമിഞ്ഞുകൂടി.

എല്ലുപോലും മരവിച്ചുപോകുന്ന കൊടും തണുപ്പില്‍ ഹരീന്ദ്രന്‍ നായര്‍ നിര്‍ദിഷ്ട സ്ഥാനത്തെത്തി ചാര്‍ജ് എടുക്കുമ്പോള്‍ പാകിസ്താന്‍ അതിര്‍ത്തിയില്‍ തോക്കും ചൂണ്ടി നില്‍ക്കുന്ന പട്ടാളക്കാരനെയാണ് കണ്ടത്. അടിവയറ്റില്‍ നിന്നൊരു ഇരമ്പല്‍ ഇരച്ചുയര്‍ന്നു. പെട്ടെന്ന് ഹരീന്ദ്രന്‍നായരും ഭയംകൊണ്ട് തോക്കും ചൂണ്ടിനിന്നു.



ഈ രണ്ടു പട്ടാളക്കാര്‍ അല്ലാതെ അവിടെ മറ്റാരുമില്ല. എത്രനാള്‍ ഇങ്ങനെ നില്‍ക്കും. ദിവസം ചെല്ലുന്തോറും മനസ്സ് അയയാന്‍ തുടങ്ങി. ഒരു ചെറുചിരിയില്‍ തുടങ്ങിയ പരിചയം ഇരുവരുടെയും സൗഹൃദത്തില്‍ കലാശിച്ചു. അങ്ങനെ പാകിസ്താന്‍ പട്ടാളക്കാരനായ റെയ്ഞ്ചര്‍ മുഷറഫ് ഹരീന്ദ്രന്‍നായരുടെ ആത്മസുഹൃത്തായി. വിശേഷങ്ങള്‍, വീട്ടുകാര്യങ്ങള്‍, നാട്ടുകാര്യങ്ങള്‍, സ്വപ്നങ്ങളൊക്കെ പരസ്പരം കൈമാറി. ശത്രുക്കള്‍ മിത്രങ്ങളായി. പരസ്പരം സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു. ഇവിടെ യുദ്ധവും യുദ്ധഭീഷണിയും അവസാനിക്കുകയാണ്. ഇത്രയും വര്‍ഷത്തെ യുദ്ധംകൊണ്ട് ആര്‍ക്കാണ് ലാഭവും നേട്ടവും ഉണ്ടായിട്ടുള്ളത്. ഇരുവരും നല്ലൊരു ഭാവി സ്വപ്നം കാണാന്‍ തുടങ്ങി. സമാധാനപൂര്‍വം ജനങ്ങള്‍ ജീവിക്കുന്ന യുദ്ധഭയമില്ലാത്ത മനസ്സും ലോകവും...

ഇവിടെ മേജര്‍ രവിയുടെ 'പിക്കറ്റ് 43' തുടരുകയാണ്. ഹരീന്ദ്രന്‍ നായരായി പൃഥ്വിരാജും, റെയ്ഞ്ചര്‍ മുഷറഫായി ജാവേദ് ജെഫ്രിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

സംഗീതം: രതീഷ് വേഗ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബാദുഷ, കല: എം.ബാവ, മേക്കപ്പ്: രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം:സായ്, സ്റ്റില്‍സ്: ഹരി തിരുമല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഡെന്നി തോമസ്, സംവിധാന സഹായികള്‍: പി. സുന്ദര്‍, സന്തോഷ് ലക്ഷ്മണന്‍, മനോജ് ടി. പിള്ള, വിഷ്ണുദേവ്, അസോസിയേറ്റ് ക്യാമറാമാന്‍: അനീഷ് രവീന്ദ്രന്‍, അസോസിയേറ്റ് സ്‌ക്രിപ്റ്റ് റൈറ്റര്‍: ജിയോ ക്രിസ്റ്റി ഈപ്പന്‍, പ്രൊഡക്ഷന്‍ മാനേജര്‍: റിച്ചാര്‍ഡ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ജോണ്‍ കുടിയാന്‍മല, ജിതേഷ് അഞ്ചുമന. പി.ആര്‍.ഒ.:എ.എസ്.ദിനേശ്.

കടപാട് :mathubhumi 


No comments :

Post a Comment