| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

അഞ്ചിലാരാണ് സുന്ദരി??

No comments


കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും പുറകെ രണ്ടര മണിക്കൂര്‍ നേരത്തെ ദീര്‍ഘമായൊരു യാത്രയില്ല. ചുരുങ്ങിയ സീനുകള്‍കൊണ്ട് പറഞ്ഞുതീര്‍ക്കാവുന്ന ചില സംഭവങ്ങള്‍, ജീവിതത്തിലെ ഒരു രാത്രിയോ ചില കാലങ്ങളോ അങ്ങനെയെന്തും പ്രമേയമായി വരാം..... ക്ലൈമാക്‌സിലേക്കെത്താന്‍ കാത്തിരിപ്പിന്റെ നിമിഷങ്ങള്‍ കുറവ്.

നോവലിനെ മറികടന്ന് ചെറുകഥകള്‍ക്ക് പ്രചാരം വന്നതും, ഏകദിനത്തെ തള്ളിമാറ്റി 20-20 ഹിറ്റായതിനും കാരണം കാത്തിരിപ്പിന്റെ ദൈര്‍ഘ്യക്കുറവ് തന്നെയാകണം. ഒരു സിനിമാസമയത്തിനുള്ളില്‍ അഞ്ചുസുന്ദരികള്‍ പങ്കുവെക്കുന്നത് അഞ്ചു വ്യത്യസ്തകഥകളാണ്. നായികാപ്രാധാന്യമുള്ള അഞ്ചുകഥകള്‍. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ അഞ്ചുകഥകളും സുന്ദരമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കേരളാകഫേയിലൂടെ മലയാളത്തിലേക്ക് സംവിധായകന്‍ രഞ്ജിത്താണ് ഇത്തരമൊരു പരീക്ഷണം തുടങ്ങിവെച്ചത്. വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം സുഹൃത്തുക്കളായ അഞ്ചു സംവിധായകര്‍ ചേര്‍ന്ന് വീണ്ടും അത്തരത്തിലൊരു പരീക്ഷണം ഒരുക്കിയിരിക്കുന്നു.
ഷൈജു ഖാലിദിന്റെ 'സേതുലക്ഷ്മി', സമീര്‍ താഹിറിന്റെ ' ഇഷ', ആഷിഖ് അബുവിന്റെ 'ഗൗരി', അമല്‍ നീരദിന്റെ 'കുള്ളന്റെ ഭാര്യ', അന്‍വര്‍ റഷീദിന്റെ 'ആമി' എന്നിവയാണ് അഞ്ചുസുന്ദരികളിലെ അഞ്ചുചിത്രങ്ങള്‍.

നോവായി സേതുലക്ഷ്മി

പ്രായഭേദമന്യേ പുതിയകാലത്ത് സ്ത്രീ നേരിടുന്ന ദുരന്തമാണ് ഷൈജു ഖാലിദ് അവതരിപ്പിച്ചത്. ബാല്യം വിട്ടുമാറാത്ത പെണ്‍കുട്ടികളെ പോലും കാമവെറിയോടെ കാണുന്ന പുതിയകാലത്തിന്റെ അടയാളമാണ് ചിത്രത്തിലെ സ്റ്റുഡിയോ നടത്തിപ്പുകാരന്‍. സമാനസംഭവങ്ങള്‍ നിത്യേന വാര്‍ത്തകളാക്കുന്ന കാലത്താണ് ചിത്രം പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തുന്നതെന്നത് ശ്രദ്ധേയം്. ചതിക്കുഴിയിലേക്ക് കാലിടറുമ്പോള്‍ ഉറക്കം നഷ്ടപ്പെടുന്ന കഥാപാത്രത്തെ ബാലതാരം അനിക മനോഹരമാക്കിയിരിക്കുന്നു. നേരം വൈകി വീട്ടിലെത്തുന്ന കുട്ടിയ്ക്ക് എന്താണ് പറയാനുള്ളതെന്ന് പോലും അന്വേഷിക്കാതെ കൈ ഉയര്‍ത്തുന്ന രക്ഷിതാക്കള്‍ക്ക് ചിത്രം നല്‍കുന്നത് വലിയ പാഠമാണ്.

ട്രാഫിക്- സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ചിത്രങ്ങള്‍ക്ക് കാമറ ചലിപ്പിച്ച ഷൈജു ഖാലിദിന്റെ കന്നിച്ചിത്രമാണ് സേതുലക്ഷ്മി. കുട്ടിക്കൂറ പൗഡര്‍കുപ്പിയില്‍നിന്ന് ചില്ലറ തിരയുകയും, നാണയത്തുട്ടുകളിലൊരെണ്ണം സിനിമ കാണാന്‍ ചങ്ങാതിക്കായി നീട്ടുകയും ചെയ്യുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ മുഖം പ്രേക്ഷകന്റെ മനസ്സില്‍ ആഴത്തില്‍ പതിയുന്നുണ്ട്. അവളുടെ നിഷ്‌കളങ്കമായ പുഞ്ചിരി ഇഷ്ടപ്പെട്ടവരെല്ലാം അവള്‍ക്കുനേരെ നീണ്ട കഴുകന്‍കാലിനെയോര്‍ത്ത് വേദനിച്ചിരിക്കാം.


'ഇഷ'യോട് ഇഷ്ടം കുറയുന്നു
സേതുലക്ഷ്മി ഒരു നോവായി മനസ്സില്‍ അവശേഷിച്ചതിനാലാവണം പുറകെവന്ന ഇഷയുടെ ഇടപെടലുകള്‍ തുടക്കത്തിലത്ര രസിക്കാതെ പോയത്. തമാശകള്‍ ചേര്‍ത്തുവെച്ചാണ് കള്ളന്റെ കഥ സമീര്‍ താഹിര്‍ പറയുന്നത്. ന്യൂ ഇയര്‍ രാത്രിയുടെ പശ്ചാത്തലവും കഥയിലെ ചെറിയ തിരിമറികളും പ്രേക്ഷകനെ പിടിച്ചിരുത്താന്‍ ശ്രമിക്കുന്നു.

ബോളിവുഡ് താരം ഇഷ ഷെര്‍വാണിയുടെ അഭ്യാസപ്രകടനവും ചിത്രത്തിനൊടുവില്‍ മോഷ്ടാവിനൊപ്പമുള്ള ബൈക്ക് യാത്രയും ബോളിവുഡ് ചിത്രത്തിന്റെ ഓര്‍മ്മകളാണ്. കള്ളന്മാരുടെ പ്രണയവും മോഷണരീതിയും അവയില്‍നിന്നെല്ലാം പൂര്‍ണമായും വ്യത്യസ്തമല്ല 'ഇഷ'

തിരിച്ചറിയാതെ പോകുന്ന 'ഗൗരി'
അമ്മയാകാനുള്ള ആഗ്രഹം ഗൗരിലക്ഷ്മിയുടെ കണ്ണുകളില്‍നിന്ന് വായിക്കാം. എതിര്‍പ്പുകളെയെല്ലാം തല്ലിത്തോല്‍പ്പിച്ച് പണിതുയര്‍ത്തിയ ജീവിതം അപൂര്‍ണ്ണമാവുമെന്ന തിരിച്ചറിവാകണം ജോനാഥന്‍ ആന്റണിയെ തിരിച്ചുനടക്കാന്‍ പ്രേരിപ്പിച്ചത്. ചിത്രത്തിലെ ഡയലോഗുകളും കുറിപ്പുകളും ഇഴപിരിച്ച് വായിച്ച എത്രപേര്‍ക്ക് ഇവരുടെ ജീവിതം തിരിച്ചറിയാനായെന്ന് അറിയില്ല. 

കൂറ്റന്‍മലകള്‍ നിഷ്പ്രയാസം താണ്ടുകയും ഇതിലും വലുതിനിയുമുണ്ടോ എന്നന്വേഷിക്കുന്ന ജോയുടെ ശാരീരിക കരുത്ത് ചിത്രത്തിന്റെ തുടക്കത്തില്‍തന്നെ പ്രകടമാണ്. കഴിവുകേട് അംഗീകരിക്കാന്‍ കഴിയാത്തവന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം സമാനതകളില്ലാത്തതാണ്. കുന്നിന്‍ചെരുവിലെ വീടും രാജീ്‌വ് രവിയുടെ കാമറയും ചിത്രത്തിന് മികവ് നല്‍കുന്നുണ്ടെങ്കിലും ആഷിക് അബു എന്ന യുവസംവിധായകനില്‍നിന്നും പ്രേക്ഷകന്‍ പ്രതീക്ഷിച്ചത് ഇതിലുമേറെയാണ്.

നേട്ടം കുള്ളന്റെ ഭാര്യക്ക്

പെരുമഴയില്‍ കുട ഉയര്‍ത്തിപ്പിടിച്ച് കയ്യില്‍ പിഞ്ചുകുഞ്ഞുമായി കുള്ളന്‍ നടന്നകലുമ്പോള്‍ നിറഞ്ഞ കൈയ്യടികളോടെ കാഴ്ചക്കാര്‍ അയാളെ നെഞ്ചിലേറ്റുന്നു. അമല്‍ നീരദിന്റെ സംവിധാനമികവില്‍ കുള്ളനും ഭാര്യയും ഭദ്രമായിരിക്കുന്നു.
-പി.പ്രജിത്ത്

No comments :

Post a Comment